നിയന്ത്രണം വിട്ട കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞു; ആറാട്ടുപുഴയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

Jaihind Webdesk
Monday, December 19, 2022

തൃശ്ശൂര്‍: ആറാട്ടുപുഴയില്‍ നിയന്ത്രണം വിട്ട കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് ബന്ധുക്കളായ മൂന്ന് പേര്‍ മരിച്ചു. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് അപകടം നടന്നത്. ആറാട്ടുപുഴയിലുള്ള റിസേര്‍ട്ടിലേയ്ക്ക് വിവാഹാവശ്യത്തിനായി എത്തിയ സംഘത്തിലുള്ള ചിയാരം സ്വദേശികളുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. ആറാട്ടുപുഴ പാലത്തിന് അടിയിലൂടെയുള്ള വഴിയിലൂടെ റിസോര്‍ട്ടിലേയ്ക്ക് പോകുന്നതിനിടെ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ കാറിലുണ്ടായിരുന്ന ചിയാരം സ്വദേശികളായ ചീരാച്ചി മുത്രത്തില്‍ രാജേന്ദ്രബാബു(66) സന്ധ്യ (60) പേരകുട്ടി സമര്‍ത്ഥ്(6) എന്നിവരാണ് മരിച്ചത്. രാജേന്ദ്രബാബുവിന്‍റെ മകനായ ശരത്തിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. അപകടം നടന്നയുടന്‍ നാട്ടുക്കാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇരിങ്ങാലക്കുട ഡി വൈ എസി പി ബാബു കെ തോമസ് ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.