നിയമസഭാ തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും നടന്നിട്ട് ദിവസങ്ങളായെങ്കിലും തലസ്ഥാനമായ ഡല്‍ഹിയില്‍ ഇതുവരെ മന്ത്രിസഭ ഉണ്ടാക്കാന്‍ ഭൂരിപക്ഷം നേടിയ ബിജെപിയ്ക്ക് കഴിയുന്നില്ല. എഎപിയുടെ തുടര്‍ ഭരണം അവസാനിപ്പിച്ചാണ് ബിജെപി ഡല്‍ഹിയില്‍ വിജയിച്ചത്. എന്നാല്‍ തന്ത്രപ്രധാന കേന്ദ്രമായിരുന്നിട്ടും ഇതുവരെ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ തികഞ്ഞ അനിശ്ചിതത്വമാണ് ഡല്‍ഹിയില്‍ നിലനില്‍ക്കുന്നത് .
പാര്‍ട്ടി ഉള്‍പ്പിണക്കങ്ങള്‍ മൂലം മുഖ്യമന്ത്രി ചര്‍ച്ച നീണ്ടു പോകുന്നതാണ് മന്ത്രിസഭാ രൂപീകരണം വൈകിക്കുന്നത്. പാര്‍ട്ടി നിയമസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് ബിജെപി വൃത്തങ്ങള്‍ അനൗദ്യോഗികമായി പറയുന്നതെങ്കിലും ഇത് എപ്പോള്‍ നടക്കുമെന്ന് ഇതുവരെ ആര്‍ക്കും അറിവില്ല. സംസ്ഥാനത്ത് മുഖ്യമന്ത്രിയില്ലാത്തതിന്റെ അനിശ്ചിതത്വം ഭൂചലനഭീഷണി നേരിട്ട ജനങ്ങള്‍ നേരിട്ടറിഞ്ഞു. 70 അംഗ ശക്തമായ നിയമസഭയില്‍ 48 സീറ്റുകളാണ് ബിജെപി നേടിയിട്ടുള്ളത്.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച 48 ബിജെപി നിയമസഭാംഗങ്ങളില്‍ നിന്ന് 15 പേരുകളെ ഇതിനകം ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ നിന്ന് ഒമ്പത് പേരെ സംസ്ഥാന മന്ത്രിസഭയിലേക്കും ഒരാളെ സ്പീക്കര്‍ സ്ഥാനത്തേക്കും തിരഞ്ഞെടുക്കും. എന്നാല്‍ ഇതില്‍ ആരാണ് മന്ത്രിസഭയെ നയിക്കുക എന്നാണ് അറിയാനുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസില്‍ നിന്ന് മടങ്ങിയെത്തിയതിനുശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആകുമെന്നാണ് കരുതിയതെങ്കിലും ആ തീരുമാനവും വൈകുകയാണ്.
തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ആരേയും പ്രഖ്യാപിച്ചിരുന്നില്ല. ഇത് പലവിധത്തിലുള്ള ഊഹാപോഹങ്ങള്‍ക്ക് വഴിവയ്ക്കുന്നുണ്ട്. ഇതിനിടെ ഡല്‍ഹി മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ചേരുമെന്ന് പ്രതീക്ഷിച്ചിരുന്ന ബിജെപി നിയമസഭാ കക്ഷി യോഗം മാറ്റിവെച്ചതായും അറിയുന്നു. 26 വര്‍ഷത്തിന് ശേഷം ഇന്ദ്രപ്രസ്ഥത്തില്‍ വിജയിക്കാന്‍ കഴിഞ്ഞ ബിജെപി പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിനും ഒരുക്കങ്ങള് തുടങ്ങിയിട്ടുണ്ട്.
ബിജെപിയുടെ വിജയം ഉറപ്പായതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒന്നിലധികം പേരുകള്‍ പ്രചരിക്കുന്നുണ്ട്. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി സാഹിബ് സിംഗ് വര്‍മയുടെ മകന്‍ പര്‍വേഷ് വര്‍മയാണ് മുന്‍നിരയിലുള്ളത്. മുന്‍ ഡല്‍ഹി ബിജെപി മേധാവിയും മാളവ്യ നഗര്‍ എംഎല്‍എയുമായ സതീഷ് ഉപാധ്യായ, മുതിര്‍ന്ന പാര്‍ട്ടി നേതാവ് വിജേന്ദര്‍ ഗുപ്ത, പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനക്പുരി എംഎല്‍എ ആശിഷ് സൂദ്, ഉത്തം നഗര്‍ എംഎല്‍എ പവന്‍ ശര്‍മ എന്നിവരാണ് ചര്‍ച്ച ചെയ്യുന്ന മറ്റ് പേരുകള്‍.
അടുത്ത മുഖ്യമന്ത്രിയായി വനിതകള്‍ക്കും ചിലര്‍ സാദ്ധ്യത കല്‍പ്പിക്കുന്നുണ്ട്. ബിജെപിയുടെ പുതിയ എംഎല്‍എമാരില്‍ നാല് പേര്‍ വനിതകളാണ് — നീലം പഹല്‍വാന്‍, രേഖ ഗുപ്ത, പൂനം ശര്‍മ, ശിഖ റോയ്. ഇവരെ കൂടാതെ മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പേരും ഈ സ്ഥാനത്തേയ്ക്ക് കേള്‍ക്കുന്നുണ്ട്.