സൈന്യം മോദിയുടെ സ്വകാര്യ സ്വത്തല്ല : രാഹുൽഗാന്ധി

Jaihind Webdesk
Saturday, May 4, 2019

 

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. സൈന്യം മോദിയുടെ സ്വകാര്യ സ്വത്തല്ല. യുപിഎ ഭരണകാലത്തും സൈന്യം സർജിക്കൽ സ്‌ട്രൈക്ക് നടത്തിയിരുന്നു. എന്നാൽ അത് നടത്തിയത് കോൺഗ്രസല്ല, സൈന്യമാണ്. സൈന്യത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൊഴിലില്ലായ്മയാണ് പ്രധാന പ്രചരണ വിഷയം. എന്തുകൊണ്ട് ഇക്കാര്യം മോദി മിണ്ടുന്നില്ലെന്നും രാഹുൽ ഗാന്ധി ചോദിച്ചു. എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

5 വര്‍ഷം മുമ്പ് തെരഞ്ഞെടുപ്പ് നേരിടുമ്പോള്‍ അടുത്ത 10 – 15 വര്‍ഷത്തേയ്ക്ക് രാജ്യം ഭരിക്കുന്നത് മോദിയായിരിക്കുമെന്നാണ് പറഞ്ഞത്. എന്നാല്‍ കോണ്‍ഗ്രസ് ബിജെപിയെയും മോദിയെയും പൂര്‍ണ്ണമായും തകര്‍ത്തിരിക്കുകയാണെന്നും ഇന്ന്  10-20 ദിവസത്തില്‍ തകര്‍ന്ന് വീഴാന്‍ പോകുന്നൊരു പൊള്ളയായ വസ്തു മാത്രമാണ് ഉള്ളതെന്നും രാഹുല്‍ പറഞ്ഞു.

കോടതിയ്ക്ക് മുമ്പാകെ മാപ്പ് പറഞ്ഞത് സുപ്രീംകോടതിയുടെ പേര് ഉപയോഗിച്ചതിനാണെന്നും കാവല്‍ക്കാരന്‍ കൊള്ളക്കാരനാണെന്ന മുദ്രാവാക്യത്തിനെതിരെ കോടതി ഒന്നും പറഞ്ഞിട്ടില്ലെന്നും ആ മുദ്രാവാക്യം ഇനിയും വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. മോദിയോടോ ബിജെപിയോടോ മാപ്പ് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അമിത്ഷായുടെ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ഏത് അന്വേഷണത്തെയും നേരിടാന്‍ താന്‍ ഒരുക്കമാണെന്നും അന്വേഷിക്കുമ്പോള്‍ എല്ലാം വ്യക്തമായി അന്വേഷിക്കണമെന്ന്  മാത്രമേ പറയാനുള്ളുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍  അന്വേഷണം നടത്തുമ്പോള്‍ റഫേല്‍ കേസ് അന്വേഷിക്കാനും മറക്കേണ്ടെന്നും അദ്ദേഹം പരിഹസിച്ചു.

യുപിഎ ഭരണകാലത്ത് നടന്ന സര്‍ജിക്കല്‍ ആക്രമണങ്ങളെ വീഡിയോ ഗെയിമുകളെന്ന് പറയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ മോദി അപമാനിച്ചത് രാജ്യത്തിന്‍റെ സൈനികരെത്തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.