കൊവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കില്ലെന്ന് എയിംസ്-ഡബ്ല്യുഎച്ച്ഒ പഠനം

Jaihind Webdesk
Saturday, June 19, 2021

ന്യൂഡൽഹി : കൊവിഡ് മൂന്നാം തരംഗത്തെക്കുറിച്ച് നിരവധി ആശങ്കകള്‍ നിലനില്‍ക്കെ ലോകാരാഗ്യ സംഘടനയുടെയും എയിംസിന്‍റെയും പഠനറിപ്പോര്‍ട്ട്. മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കില്ലെന്ന് പഠനഫലം. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും (എയിംസ്) ലോകാരോഗ്യസംഘടനയും സംയുക്തമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

രോഗം വന്ന ശേഷമുണ്ടായ ആന്‍റിബോഡി സാന്നിധ്യം (സീറോ പോസിറ്റിവിറ്റി) മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളില്‍ കൂടുതലാണ്.  തെക്കൻ ഡൽഹിയിലെ മെട്രോപൊളിറ്റൻ മേഖലയിലുള്ള കുട്ടികളിൽ നിന്നു ശേഖരിച്ച സാമ്പിളുകളിൽ 74.7 ശതമാനമായിരുന്നു സീറോ പോസിറ്റിവിറ്റി. ഇത് ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും കൂടുതലാണെന്ന് സർവേ നടത്തിയ എയിംസിലെ കമ്യൂണിറ്റി മെഡിസിൻ പ്രൊഫസർ ഡോ. പുനീത് മിശ്ര പറഞ്ഞു. രണ്ടാം തരംഗത്തിനു മുമ്പ് ഇവിടെ കുട്ടികളിൽ 73.9 ശതമാനം ആയിരുന്നു സീറോ പോസിറ്റിവിറ്റി.

പഠനത്തിനായി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 10,000 സാമ്പിളുകളാണ് പഠനത്തിനായി ശേഖരിച്ചത്. ഇടക്കാല പഠനത്തിനായി ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽനിന്ന് 4,500 സാമ്പിളുകളും ശേഖരിച്ചു. കൂടുതൽ വിവരശേഖരണം തുടരുകയാണ്. മിക്ക കുട്ടികളും രോഗം വന്നതുതന്നെ അറിഞ്ഞിട്ടില്ല. കുട്ടികളെ ഐസിയുവിലും മറ്റും പ്രവേശിപ്പിക്കേണ്ടി വന്ന സാഹചര്യങ്ങളും കുറവായിരുന്നു. ഉയര്‍ന്ന സീറോ പോസിറ്റിവിറ്റി നിരക്ക് വരാനിടയുള്ള മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍ ഉതകുമെന്നും ഡോ. പുനീത് മിശ്ര വ്യക്തമാക്കി.