ഓട്ടൊറിക്ഷ കത്തിച്ച പ്രതികളെ പിടികൂടിയില്ല; പിന്നിൽ സി പി എം പ്രവർത്തകരെന്ന് ആരോപണം; കണ്ണൂരിലെ ചിത്രലേഖ വീണ്ടും ഉപവാസ സമരത്തിൽ

Jaihind Webdesk
Saturday, September 16, 2023

കണ്ണൂര്‍; ദളിത് ഓട്ടൊ ഡ്രൈവറായ ചിത്രലേഖ വീണ്ടും ഉപവാസ സമരത്തിൽ. തന്‍റെ  ഓട്ടൊറിക്ഷ കത്തിച്ച പ്രതികളെ പിടികൂടാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ചിത്രലേഖ കണ്ണൂർ കാട്ടാമ്പള്ളിയിലെ തന്‍റെ  വീട്ടു മുറ്റത്ത് ഉപവാസ സമരം ആരംഭിച്ചത്.

ഇക്കഴിഞ്ഞ മാസം 25 ന് പുലർച്ചെയാണ് ചിത്ര ലേഖയുടെ കാട്ടാമ്പള്ളിയിലെ വീട്ടു മുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടൊറിക്ഷ അഗ്നിക് ഇരയാക്കിയത്.സംഭവത്തിന് പിന്നിൽ സി പി എം പ്രവർത്തകർ ആണെന്ന് ആരോപിച്ച് ചിത്രലേഖ വളപട്ടണം പൊലീസിൽ പരാതി നൽകിയിരുന്നു. പ്രതികളെ സംബന്ധിച്ച സൂചനകളും ചിത്രലേഖയും കുടുംബവും പൊലീസിന് കൈമാറിയിരുന്നു. ഫോറൻസിക് വിദഗ്ധരും വിരൽ അടയാള വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തുകയും ചെയ്തു. എന്നാൽ സംഭവം നടന്ന് ഇത്രയും ദിവസം കഴിഞ്ഞിട്ടും പ്രതികൂടാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ചിത്രലേഖ വീട്ടുമുറ്റത്ത് ഉപവാസ സമരം ആരംഭിച്ചത്.

പ്രതികളെ പിടികൂടുന്നത് വരെ സമരം തുടരാനാണ് ചിത്രലേഖയുടെ തീരുമാനം. ഉപവാസം ദളിത് പ്രവർത്തകനും യൂത്ത് കോൺഗ്രസ് മുൻ നേതാവുമായ വി.ആർ അനൂപ് ഉദ്ഘാടനം ചെയ്തു വിവിധ ദളിത് സംഘടന നേതാക്കളും, പൊതുപ്രവർത്തകരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തി