പ്രവാസി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ സര്‍ക്കാരുകള്‍ക്ക് അനാസ്ഥ: തമ്പാനൂര്‍ രവി

Jaihind News Bureau
Tuesday, May 19, 2020

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാട്ടുന്നത് കുറ്റകരമായ അനാസ്ഥയെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി. കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നോര്‍ക്ക റൂട്ട് ഓഫീസിന് മുന്നില്‍ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

പ്രവാസികള്‍ ഇത്രയധികം അവഗണനയും പ്രയാസവും നേരിട്ട കാലഘട്ടം ഉണ്ടായിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടിരൂപയുടെ സാമ്പത്തിക പാക്കേജില്‍ പ്രവാസി സമൂഹത്തെ പൂര്‍ണ്ണമായും തഴഞ്ഞു. ജോലിയും വരുമാനവും നഷ്ടപ്പെട്ട് തിരികെയെത്തുന്ന പ്രവാസികള്‍ അടിയന്തിര സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണം.

മോഹനവാഗ്ദാനങ്ങള്‍ നല്‍കി പിണറായി സര്‍ക്കാര്‍ പ്രവാസി സമൂഹത്തെ വഞ്ചിച്ചു. നാട്ടിലെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനാവശ്യമായ സാഹചര്യം ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും തമ്പാനൂര്‍ രവി പറഞ്ഞു.

യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സോളമന്‍ അലക്‌സ്, കെ.മോഹന്‍കുമാര്‍, പ്രവാസി പ്രദേശ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഐസക് തോമസ്, സംസ്ഥാന ഭാരവാഹികളായ അയൂബ്ഖാന്‍, മണികണ്ഠന്‍ നായര്‍, പത്മാലയം മിനിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.