കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവര്‍ത്തകന്‍ സൂരജിനെ വെട്ടിക്കൊന്ന കേസില്‍ ഒന്‍പത് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് തലശേരി ജില്ലാ സെഷന്‍സ് കോടതി വിധിച്ചു. 2005 ഓഗസ്റ്റ് ഏഴിന് രാവിലെയായിരുന്നു മുഴപ്പിലങ്ങാട് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് മുന്നില്‍ വെച്ച് സൂരജിനെ വെട്ടിക്കൊന്നത്. ഓട്ടോയിലെത്തിയ പ്രതികള്‍ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊന്നുവെന്നാണ് കേസ്.
സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന്റെ പകയായിരുന്നു അരുംകൊലയ്ക്ക് കാരണം. ഇതില്‍ ഒന്നാം പ്രതിയാണ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ടി.കെ രജീഷ്. എന്‍.വി യാഗേഷ്, കെ ഷംജിത്ത്, നെയ്യോത്ത് സജീവന്‍, പണിക്കന്റവിട വീട്ടില്‍ പ്രഭാകരന്‍, പുതുശേരി വീട്ടില്‍ കെ.വി പത്മനാഭന്‍, മനോമ്പേത്ത് രാധാകൃഷ്ണന്‍, നാഗത്താന്‍കോട്ട പ്രകാശന്‍, പുതിയപുരയില്‍ പ്രദീപന്‍ എന്നിവരാണ് മറ്റുള്ളവര്‍.
തുടക്കത്തില്‍ പത്തുപേര്‍ക്കെതിരെയായിരുന്നു കേസ്. ടി.കെ രജീഷിന്റെ കുറ്റസമ്മത മൊഴി പ്രകാരം രണ്ടുപേരെ കുടി പ്രതിചേര്‍ക്കുകയായിരുന്നു. അതിലൊരാളാണ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്റെ സഹോദരന്‍ മനോരാജ് നാരായണന്‍. കേസിലെ അഞ്ചാം പ്രതി. ഒന്നാം പ്രതി പി.കെ ഷംസുദ്ദീനും, പന്ത്രണ്ടാം പ്രതി ടി.പി രവീന്ദ്രനും സംഭവശേഷം മരിച്ചു. നിലവില്‍ പത്ത് പ്രതികള്‍ ബാക്കിയുള്ളത് . പത്താം പ്രതി പ്രകാശനെ കോടതി വെറുതെ വിട്ടു.