തലശേരി ഇരട്ടക്കൊലപാതകം; പിന്നില്‍ സിപിഎമ്മിന്‍റെ കൊടും ക്രിമിനലുകള്‍; അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്

Jaihind Webdesk
Friday, November 25, 2022

കണ്ണൂര്‍:  തലശേരി ഇരട്ടക്കൊലപാതകത്തിനു പിന്നില്‍ സിപിഎമ്മിന്‍റെ കൊടും ക്രിമിനലുകളെന്ന് കണ്ണൂർ ഡിസിസി പ്രസിഡൻ്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്. സി.പി.എം ഭരണത്തില്‍ പൊലീസിനെ നോക്കുകുത്തിയാക്കി ലഹരിമാഫിയ സംഘം തഴച്ചുവളരുന്നതിന്‍റെ തെളിവാണ് തലശ്ശേരി സംഭവം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ണൂരില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതിയായ പാറായി ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് നെട്ടൂര്‍ ഇല്ലിക്കുന്നിലെ ത്രിവര്‍ണ ഹൗസില്‍ കെ. ഖാലിദിനെയും സഹോദരി ഭര്‍ത്താവ് പൂവനാഴി ഷമീറിനെയും ആസൂത്രിതമായി വെട്ടിക്കൊന്നത്.

തലശ്ശേരിയെ നടുക്കിയ ഇരട്ടക്കൊലപാതകത്തിന് പിന്നിലെ യഥാര്‍ഥ കാരണം കണ്ടെത്തി പൊലീസ് പുറത്ത് കൊണ്ടുവരണം . പാര്‍ട്ടിയുടെ ആജ്ഞാനുവര്‍ത്തികളാവാതെ യഥാര്‍ഥ കൊലയാളികളെ നിയമത്തിന് മുന്നിലെത്തിക്കണം.
കേരളം ഭരിക്കുന്ന പാര്‍ട്ടി തന്നെ ലഹരി മാഫിയകള്‍ക്ക് തണലൊരുക്കുന്ന സമീപനമാണ് കണ്ടുവരുന്നത്.
ലഹരി മാഫിയക്ക് പിന്തുണ കൊടുക്കുന്ന സമീപനം സി.പി.എം സ്വീകരിക്കരുത്. സി.പി.എം നേതാക്കള്‍ക്ക് ഒത്താശ ചെയ്യുന്ന സമീപനം പൊലീസിന്റെ ഭാഗത്തും പാടില്ലെന്നും ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്ജ് തലശ്ശേരിയിൽ പ്രസ്താവനയിൽ പറഞ്ഞു.