തെരേസാ മേ പാർട്ടി നേതൃപദവി ഇന്ന് ഒഴിയും

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ ഇന്നു കൺസർവേറ്റീവ് പാർട്ടി നേതൃപദവി രാജിവയ്ക്കും. എന്നാൽ ഉൾപാർട്ടി തെരഞ്ഞെടുപ്പിലൂടെ പുതിയ പ്രധാനമന്ത്രിയെ കണ്ടെത്തുന്നതുവരെ മേ പ്രധാനമന്ത്രിയുടെ ചുമതലകൾ തുടരും.

ബ്രെക്‌സിറ്റ് വിഷയത്തിലെ അനിശ്ചിതത്വമാണ് മേയെ രാജിവയ്ക്കാൻ നിർബന്ധിതയാക്കിയത്. പ്രധാനമന്ത്രി പദത്തിനായി മത്സരിക്കുന്നവരിൽ മുൻ വിദേശകാര്യ സെക്രട്ടറി ബോറീസ് ജോൺസൺ ആണു മുന്നിൽ. 11 കൺസർവേറ്റീസ് എംപിമാർ കൂടി മത്സരത്തിനുണ്ട്. തെരഞ്ഞെടുപ്പിന്‍റെ ഔദ്യോഗിക നടപടികൾ തിങ്കളാഴ്ച തുടങ്ങും.

ബ്രെക്‌സിറ്റിനായി യൂറോപ്യൻ യൂണിയനുമായി മേ ഉണ്ടാക്കിയ വിടുതൽ കരാർ ബ്രിട്ടീഷ് പാർലമെൻറ് പലവട്ടം തള്ളി. ഇതേത്തുടർന്നാണ് മേ രാജിപ്രഖ്യാപനം നടത്തിയത്. ബ്രെക്‌സിറ്റിനെ എതിർത്തിരുന്ന മേ, ബ്രെക്‌സിറ്റിനായി കരാർ ഉണ്ടാക്കാനുള്ള നിയോഗം പേറിയത് വിരോധാഭാസമായിരുന്നു.

ബ്രെക്‌സിറ്റ് ഹിതപരിശോധനയിൽ ബ്രിട്ടീഷ് ജനത അനുകൂലമായി വിധി എഴുതിയപ്പോൾ ബ്രെക്‌സിറ്റ് വിരുദ്ധനായ മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറോണിന് രാജിവയ്‌ക്കേണ്ടിവന്നു. തുടർന്നാണ് മേ പ്രധാനമന്ത്രിയായത്. പാർലെൻറിൽ ഭൂരിപക്ഷം കൂട്ടി ബ്രെക്‌സിറ്റ് നടപ്പാക്കമെന്ന പ്രതീക്ഷയിൽ മേ ഇടക്കാല തെരഞ്ഞെടുപ്പു നടത്തിയെങ്കിലും കാര്യങ്ങൾ അനുകൂലമായില്ല.

BrexitTheresa May
Comments (0)
Add Comment