മോദിയുടെ രണ്ടാമൂഴത്തിന് പിന്നാലെ അണികളുടെ അഴിഞ്ഞാട്ടം; ഭയപ്പാടില്‍ ന്യൂനപക്ഷം ; നാടുവിടാനൊരുങ്ങി ബുലന്ദ്ഷഹറിലെ മുസ്‌ലിം ജനത

Jaihind Webdesk
Tuesday, May 28, 2019

പ്രധാനമന്ത്രിയായി മോദിയുടെ രണ്ടാം വരവില്‍ ഭയപ്പാടിലാണ് ബുലന്ദ്ഷഹറിലെ ന്യൂനപക്ഷ ജനവിഭാഗം. ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ സര്‍ക്കാര്‍ രണ്ടാമതും അധികാരത്തിലെത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് ന്യൂനപക്ഷങ്ങള്‍ക്കെതിരായ നിരവധി അക്രമ സംഭവങ്ങളാണ്. ഇതാണ് യു.പിയിലെ ബുലന്ദ്ഷഹര്‍ ജില്ലയിലെ നയാ ബാന്‍സിലെ മുസ്‌ലീങ്ങളെ ഭയപ്പെടുത്തുന്നത്. തങ്ങളുടെ വീടും സമ്പാദ്യവുമെല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യാനൊരുങ്ങുകയാണിവർ.

ബുലന്ദ്ഷഹറിലെ നയാ ബാന്‍സ് ഗ്രാമത്തിലെ ആകെ ജനസംഖ്യ നാലായിരമാണ്. ഇതില്‍ 450 പേരാണ് മുസ്‌ലീങ്ങള്‍. ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെയുണ്ടാകുന്ന സംഭവവികാസങ്ങള്‍ ആശങ്കയുളവാക്കുന്നതാണെന്ന് ഇവർ പറയുന്നു. ഏതെങ്കിലും മുസ്‌ലിം ഭൂരിപക്ഷ മേഖലയിലേക്ക് കുടിയേറാനാണ് ഇവരുടെ ആലോചന.

പശുവിന്‍റെ പേരില്‍ ബുലന്ദ്ഷഹറില്‍ നടന്ന കലാപത്തിലെ മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന ബജ്‌രംഗ്ദൾ യോഗേഷ് രാജിന്‍റെ സ്വദേശം കൂടിയാണ് നയാ ബാന്‍സ്. പശുവിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ ബുലന്ദ്ഷഹര്‍ കലാപത്തില്‍ ഒരു പോലീസുദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. അറസ്റ്റിലായവരെല്ലാം തന്നെ ബജ്‌രംഗ്ദൾ പ്രവര്‍ത്തകരായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ഇവിടെ ബി.ജെ.പി പ്രവര്‍ത്തകർ നടത്തിയ വിജയാഘോഷം ഇവരെ ഭീതിയിലാഴ്ത്തുന്നു. ബി.ജെ.പി പ്രവര്‍ത്തകര്‍ ഇവരുടെ വീടിന് മുന്നിലും പള്ളികള്‍ക്ക് മുന്നിലും ജയ് ശ്രീറാം, ഭാരത് മാതാ കി ജയ് മുദ്രാവാക്യങ്ങള്‍ വിളിച്ച് പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ഡി.ജെ നടത്തുകയും ചെയ്തിരുന്നു. കാര്യങ്ങള്‍ കുഴപ്പത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്കയില്‍ നാടുവിടാന്‍ ആഗ്രഹിക്കുന്നവരാണ് ഇവിടെയുള്ള മുസ്‌ലീങ്ങള്‍. എന്നാല്‍ ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ താല്‍ക്കാലികമായി തുടരുകയാണിവര്‍. ഇവരില്‍ കുറച്ചുപേര്‍ അടുത്തുള്ള ദാസ്ന, അസൂരി തുടങ്ങിയ പ്രദേശങ്ങളിലേക്ക് മാറിയിട്ടുണ്ട്. ഗ്രാമത്തിലെ പ്രശ്‌നങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെച്ചാല്‍ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്ത് ജയിലിലാക്കുമെന്ന് ജില്ലാ ഭരണകൂടം ഇവരെ ഭീഷണിപ്പെടുത്തിയെന്നും ഗ്രാമവാസികള്‍‍ പറയുന്നു.