ടെലഗ്രാം ആപ്പ് നിയമവിരുദ്ധം ; നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പോലീസ്

Jaihind News Bureau
Monday, November 25, 2019

ടെലഗ്രാം ആപ്ലിക്കേഷൻ നിയന്ത്രിക്കാൻ നടപടി വേണമെന്നും ആപ്പ് നിയമവിരുദ്ധമെന്നും പൊലീസ് ഹൈക്കോടതിയിൽ. ആപ്പിലൂടെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും പൊലീസ്. രാജ്യത്ത് ടെലിഗ്രാം മൊബൈല്‍ ആപ്പിന്‍റെ നിരോധനമാവശ്യപ്പെട്ട് കോഴിക്കോട് സ്വദേശിനി ഹൈക്കോടതിയിൽ നൽകിയ ഹര്‍ജി പരിഗണിക്കവെയാണ് പോലീസ് നിലപാട് വ്യക്തമാക്കിയത്.

ടെലഗ്രാം ആപ്പിലൂടെ സ്ത്രീകളുടെയും കുട്ടികളുടെയും അശ്ലീല ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും ഇത് തടയാന്‍ എത്രയും പെട്ടെന്ന് തന്നെ നടപടി സ്വീകരിക്കണമെന്നും ചൂണ്ടിക്കാട്ടി കോഴിക്കോട് തിരുവമ്പാടി സ്വദേശിനി അഥീന സോളമനാണ് ഹൈക്കോടതിയെ സമീപിച്ചത്. അഥീനയുടെ ഹർജി പരിഗണിക്കവേയാണ് കോടതി പൊലീസിന്‍റെ നിലപാട് തേടിയത്.

ടെലിഗ്രാം ആപ്പ് നിയമവിരുദ്ധമാണെന്നും ഇത് നിയന്ത്രിക്കാൻ നടപടി വേണമെന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചു.
ടെലഗ്രാം നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പറുദീസയാണ്, ഇത് രഹസ്യ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനാൽ തന്നെ ടെലഗ്രാം ആപ്പിന് പ്രാദേശിക നിയമങ്ങൾ ബാധകമാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ടെലഗ്രാമിന് അനുമതി നൽകിയവർ തന്നെ ആപ്പിനെ നിയന്ത്രിക്കണം. ഇതിന്‍റെ ഉപയോക്താക്കളെ കണ്ടെത്താൻ കഴിയാത്തതാണ് പ്രധാന പ്രശ്നം. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരെ കണ്ടെത്താൻ ആപ്പ് ഉടമകൾ സഹകരിക്കുന്നില്ലെന്നും പൊലീസ് ഹൈക്കോടതിയിൽ വ്യക്തമാക്കി.

അതേ സമയം 2013ല്‍ റഷ്യയിൽ ആരംഭിച്ച ടെലിഗ്രാം ആപ്പിന് ഇന്ത്യയിൽ ലൈസൻസോ അനുമതിയോ ഇല്ല. റഷ്യയിലെ സെക്യൂരിറ്റി ഏജന്‍സികള്‍ക്ക് പോലും പിടികൂടാനാകാത്ത തരത്തില്‍ നിര്‍മ്മിച്ച ടെലഗ്രാം ആപ്പിന് ടെലഗ്രാമിലൂടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ പിടികൂടാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.