‘ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ?’; തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാവിന്റെ കരുതല്‍ തടങ്കലിനെതിരെ ഹൈക്കോടതി

ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവും സ്ഥാനാര്‍ഥിയുമായ എ രേവന്ദ് റെഡ്ഡിയെ കരുതല്‍ തടങ്കലില്‍ വെച്ച സംഭവത്തില്‍ തെലങ്കാന പോലീസിനെതിരേ ഹൈദരാബാദ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ എന്ന് പോലീസിനോട് കോടതി ചോദിച്ചത്.

കാവല്‍ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ പൊതുയോഗം നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പ്രശ്നങ്ങളുണ്ടായേക്കുമെന്ന പേര് പറഞ്ഞ് കോടങ്ങലില്‍ നിന്നുള്ള എംഎല്‍എയായ രേവന്ദിനെ വീട്ടില്‍ നിന്ന് അര്‍ദ്ധരാത്രി പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് സംഘം വീട്ടിലേക്ക് ഇരച്ചുകയറിയെന്നും ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തി തടങ്കലിലാക്കിയെന്നുമാണ് രേവന്ദ് കോടതിയെ അറിയിച്ചത്. മുഖ്യമന്ത്രിയുടെ പരിപാടി അവസാനിച്ചശേഷം വൈകുന്നേരത്തോടെ രേവന്ദിനെ പോലീസ് മോചിപ്പിക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസ് നടപടിക്കെതിരെ രംഗത്തെത്തി.

വികാരാബാദ് പോലീസ് തലവനെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്നു കമ്മീഷന്‍ ആവശ്യപ്പെട്ടു. വാറണ്ടില്ലാതെയാണ് രേവന്ദിനെ അറസ്റ്റ് ചെയ്തതെന്നും കമ്മീഷന്‍ പറഞ്ഞു.
സംഭവത്തെ വിമര്‍ശിച്ച് കോണ്‍്ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഇത്തരം അറസ്റ്റിലൂടെ ടി.ആര്‍.എസിന് കോണ്‍ഗ്രസ് തരംഗം ഇല്ലാതാക്കാനാവില്ല. കെ.ചന്ദ്രശേഖര്‍ റാവുവിന്റെ ഏകാധിപത്യത്തിന് തെളിവാണിത്. ടി.ആര്‍.എസിന്റെ ജനവിരുദ്ധ നടപടികള്‍ അവസാനിക്കാന്‍ നേരമായി. പരാജയഭീതി മൂലമാണ് ഇത്തരം നടപടികള്‍- രാഹുല്‍ ട്വീറ്റില്‍ പറഞ്ഞു.

Comments (0)
Add Comment