
ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മ്മിത ലഘു യുദ്ധവിമാനമായ തേജസ് തകര്‍ന്നു വീണെന്ന വാര്‍ത്തകള്‍ തള്ളി പൊതുമേഖലാ വിമാന നിര്‍മ്മാണ കമ്പനിയായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (HAL). വിമാനം തകര്‍ന്നു എന്ന പ്രചാരണം തെറ്റാണെന്നും ഗ്രൗണ്ടില്‍ വെച്ചുണ്ടായ ചെറിയൊരു സാങ്കേതിക തകരാര്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും എച്ച്.എ.എല്‍ ഔദ്യോഗികമായി അറിയിച്ചു. തേജസ് മാര്‍ക്ക് 1A വിമാനങ്ങള്‍ വ്യോമസേനയ്ക്ക് കൈമാറുന്നതില്‍ കാലതാമസം നേരിടുന്നതിനിടെയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച സുരക്ഷാ റെക്കോര്‍ഡുള്ള യുദ്ധവിമാനങ്ങളിലൊന്നാണ് തേജസെന്ന് എച്ച്.എ.എല്‍ വ്യക്തമാക്കി. നിലവിലെ സാങ്കേതിക പ്രശ്‌നം വ്യോമസേനയുമായി ചേര്‍ന്ന് പരിശോധിച്ച് വരികയാണെന്നും വേഗത്തില്‍ പരിഹരിക്കുമെന്നും കമ്പനി അറിയിച്ചു. എന്നാല്‍, അപകടത്തില്‍ പെട്ട വിമാനം പൂര്‍ണ്ണമായും ഉപയോഗശൂന്യമായി എന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച് എച്ച്.എ.എല്‍ പ്രസ്താവനയില്‍ പ്രതികരിച്ചിട്ടില്ല.
ഈ മാസമാദ്യം ഒരു പരിശീലന പറക്കലിനിടെ തേജസ് വിമാനം തകര്‍ന്ന പശ്ചാത്തലത്തില്‍ വ്യോമസേന കര്‍ശന പരിശോധനകള്‍ നടത്തിവരികയാണ്. തേജസ് സേനയുടെ ഭാഗമായതിന് ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ അപകടമാണിത്. 2024 മാര്‍ച്ചില്‍ ജയ്‌സാല്‍മീറിലും 2025 നവംബറില്‍ ദുബായ് എയര്‍ഷോയ്ക്കിടെയുമാണ് മുന്‍പ് അപകടങ്ങളുണ്ടായത്. തുടര്‍ച്ചയായ സാങ്കേതിക പിഴവുകള്‍ ഉയര്‍ന്നതോടെ നിലവിലുള്ള വിമാനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കാനാണ് വ്യോമസേനയുടെ തീരുമാനം.
തേജസിന്റെ പുതുക്കിയ പതിപ്പായ Mk1A വിമാനങ്ങളുടെ കാര്യത്തില്‍ ഏപ്രിലില്‍ വ്യോമസേന നിര്‍ണ്ണായകമായ മൂല്യനിര്‍ണ്ണയം നടത്തും. മിസൈല്‍ പരീക്ഷണങ്ങള്‍, റഡാര്‍ സംവിധാനങ്ങളുടെ ഏകീകരണം, ആയുധ നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവയില്‍ വിട്ടുവീഴ്ചയില്ലാത്ത പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമേ വിമാനങ്ങള്‍ ഏറ്റെടുക്കൂ എന്ന നിലപാടിലാണ് വ്യോമസേന. എന്‍ജിന്‍ വിതരണത്തിലുണ്ടായ തടസ്സങ്ങള്‍ കാരണം പദ്ധതി നിലവില്‍ രണ്ട് വര്‍ഷത്തോളം വൈകിയാണ് മുന്നോട്ട് പോകുന്നത്.