കാട്ടില്‍ നിന്ന് തേക്ക് മരം മുറിച്ചുകടത്തി; സിപിഎം നേതാവ് അറസ്റ്റില്‍

Jaihind Webdesk
Wednesday, August 10, 2022

 

കാസര്‍ഗോഡ്: കാട്ടിൽ നിന്നും തേക്ക് മരം മുറിച്ച് കടത്തിയ സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. കാസർഗോഡ് മുളിയാർ അരിയിൽ ബ്രാഞ്ച് സെക്രട്ടറി ഇരിയണ്ണി തീയടുക്കത്തെ സി സുകുമാരനെ കാറഡുക്ക ഫോറസ്റ്റ് അധികൃതർ അറസ്റ്റ് ചെയ്തു.

കാറഡുക്ക റിസർവ് വനത്തിന് കീഴിലുള്ള അരിയിൽ നിന്നാണ് സുകുമാരന്‍ മരം മുറിച്ച് കടത്തിയത്. സർക്കാർ വനത്തിനു സമീപത്ത് സുകുമാരൻ നായർ ഭൂമി വാങ്ങിയിരുന്നു. ഈ സ്ഥലത്തോട് ചേർന്ന് വനത്തിൽ നിന്നാണ് മരങ്ങൾ മുറിച്ച് കടത്തിയത്.  ലക്ഷങ്ങള്‍ വിലമതിക്കുന്ന തേക്ക് മരം മൂന്ന് മാസം മുമ്പാണ് മുറിച്ചുകടത്തിയത്. ഇയാളെ കാസർഗോഡ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഈ മാസം 23 വരെ റിമാന്‍ഡ് ചെയ്തു. മുറിച്ച മരത്തിന്‍റെ കുറ്റി  കിളച്ചുമാറ്റി തെളിവുകൾ നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.