വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം : അധ്യാപകര്‍ക്ക് മുന്‍കൂര്‍ ജാമ്യം; കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും കോടതി

Jaihind News Bureau
Tuesday, December 17, 2019

സുല്‍ത്താന്‍ ബത്തേരി സര്‍വജന ഹയര്‍സെക്കന്‍ററി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷെഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അധ്യാപകരായ കെ.കെ മോഹനന്‍, സി.വി ഷജില്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഷെഹലയുടെ മരണത്തില്‍ സ്‌കൂളിലെ മൂന്ന് അധ്യാപകര്‍ക്കെതിരെയും ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. പാമ്പുകടിയേറ്റ ഷഹലയ്ക്ക് അടിയന്തരമായി ചികിത്സ ഉറപ്പു വരുത്തുന്നതില്‍ ഇവരുടെ ഭാഗത്തു നിന്ന് അനാസ്ഥയുണ്ടായി എന്നായിരുന്നു പ്രാഥമിക കണ്ടെത്തല്‍. ഇതിനെ തുടര്‍ന്ന് മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും ബാലനീതി വകുപ്പിലെ 75-ആം വകുപ്പ് പ്രകാരവുമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ രണ്ടാമത്തേത് ജാമ്യം ലഭിക്കാത്ത വകുപ്പാണ്.

നവംബര്‍ 20നായിരുന്നു സര്‍വജന സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനി ഷഹല ഷെറിന് ക്ലാസ്മുറിയില്‍ വെച്ച് പാമ്പുകടിയേറ്റത്.