യുഎഇയില്‍ രാജ്യാന്തര ഇറക്കുമതികള്‍ക്ക് ഇനി നികുതി; 14 ദിവസത്തികം ബില്ലുകള്‍ സാക്ഷ്യപ്പെടുത്തണം; നിയമം ലംഘിച്ചാല്‍ പിഴ

Elvis Chummar
Thursday, January 19, 2023

ദുബായ് : യുഎഇയില്‍ രാജ്യാന്തര ഇറക്കുമതികള്‍ക്ക് പുതിയ നികുതി സംവിധാനം പ്രഖ്യാപിച്ചു. ഇതനുസരിച്ച്, പതിനായിരം ദിര്‍ഹവും അതില്‍ കൂടുതല്‍ വില വരുന്ന രാജ്യാന്തര ബില്ലുകള്‍ക്ക് ഇനി നികുതി അടയ്ക്കണം. ഇപ്രകാരം, ഓരോ വാണിജ്യ ബില്ലുകള്‍ക്കും 150 ദിര്‍ഹം വീതം ഫീസ് ഈടാക്കും.

യുഎഇയില്‍ ഫെബ്രുവരി ഒന്ന് മുതലാണ് ഈ പുതിയ നിയമം വരുന്നത്. ഇതനുസരിച്ച്, പതിനായിരം ദിര്‍ഹമോ അതില്‍ കൂടുതലോ തുക വരുന്ന, രാജ്യാന്തര ബില്ലുകള്‍ക്ക്, നികുതി അടയ്ക്കണം. ഓരോ വാണിജ്യ ബില്ലുകള്‍ക്കും 150 ദിര്‍ഹം വീതം നികുതി ഈടാക്കാനാണ് തീരുമാനം. യുഎഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയമാണ് ഇത്തരത്തില്‍, മറ്റുരാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് പുതിയ നികുതി പ്രഖ്യാപിച്ചത്. വ്യക്തിഗത ഇറക്കുമതി, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ നിന്നുളള ഇറക്കുമതി, ഫ്രീ സോണുകളിലേക്ക് കൊണ്ടുവരുന്ന വസ്തുക്കള്‍ എന്നിവയ്ക്ക് ഇളവ് നല്‍കും. യുഎഇ വഴി മറ്റൊരു രാജ്യത്തേക്കു കൊണ്ടുപോകുന്ന ചരക്കുകള്‍ അഥവാ ട്രാന്‍സിറ്റ് ഗുഡ്‌സ്, ഇ-കൊമേഴ്സ്, നയതന്ത്ര സ്ഥാപനങ്ങള്‍, പൊലീസ്, മിലിറ്ററി, ചാരിറ്റബിള്‍ സൊസൈറ്റികള്‍, രാജ്യാന്തര സംഘടനകള്‍ എന്നിവയുടെ ഇറക്കുമതിക്കും ഇളവ് അനുവദിക്കും.

അതേസമയം, മറ്റു രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വാണിജ്യ സാധനങ്ങളുടെ ബില്ലുകള്‍, ഇനി സാക്ഷ്യപ്പെടുത്തിയിരിക്കണം. ഇത്തരം സാക്ഷ്യപ്പെടുത്തലിനായി ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചെന്ന്, വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയം അറിയിച്ചു. ഇലക്ട്രോണിക് ഡോക്യുമെന്റ്‌സ് അറ്റസ്‌റ്റേഷന്‍ സിസ്റ്റം അഥവാ-ഇ-ദാസ് എന്ന പേരിലാണ് ഈ സംവിധാനം അറിയപ്പെടുക. നിര്‍മ്മിത ബുദ്ധി വഴി ആറു മിനിറ്റ് കൊണ്ട് ബില്ല് സാക്ഷ്യപ്പെടുത്തല്‍ നടപടി പൂര്‍ത്തീയാക്കാം. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള ഇത്തരം ഇറക്കുമതി സാധനങ്ങളുടെ ബില്ലുകള്‍, പതിനാല് ദിവസത്തികം ഓണ്‍ലൈന്‍ വഴി സാക്ഷ്യപ്പെടുത്തണമെന്നാണ് നിയമം. അല്ലാത്തപക്ഷം 500 ദിര്‍ഹം പിഴ ചുമത്തും. അതേസമയം, മറ്റു രാജ്യങ്ങളില്‍ നിന്നും യുഎഇയിലേക്ക് മുന്നൂറ് ദിര്‍ഹത്തിന് മുകളില്‍ വില വരുന്ന വ്യക്തിഗത ഡെലിവറികള്‍ക്ക്, പുതിയ കസ്റ്റംസ് തീരുവ ഏര്‍പ്പെടുത്തി. ഈ സംവിധാനം , ജനുവരി 1 മുതല്‍ പ്രാബല്യത്തിലാണ്.