‘വീടുകളില്‍ നിന്ന് സമ്മര്‍ദത്തെ നേരിടാന്‍ പഠിപ്പിച്ച് കൊടുക്കണം’; അന്നയുടെ മരണത്തില്‍ വിവാദപരാമര്‍ശവുമായി കേന്ദ്രധനമന്ത്രി

Jaihind Webdesk
Sunday, September 22, 2024

 

ചെന്നൈ: ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് യുവതി മരിച്ചതില്‍ വിചിത്ര പരാമര്‍ശവുമായി കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. വീടുകളില്‍ നിന്ന് സമ്മര്‍ദത്തെ എങ്ങനെ നേരിടണമെന്ന് പഠിപ്പിച്ച് കൊടുക്കണം. ദൈവത്തെ ആശ്രയിച്ചാല്‍ മാത്രമേ സമ്മര്‍ദങ്ങളെ നേരിടാനാകൂ എന്നും അന്നയുടെ മരണം പരാമര്‍ശിച്ച് മന്ത്രി പറഞ്ഞു. ചെന്നൈയില്‍ ഒരു സ്വകാര്യ കോളജിലെ ചടങ്ങില്‍ പങ്കെടുത്തായിരുന്നു പരാമര്‍ശം.

അതിനിടെ ചെന്നൈ താഴംബൂരില്‍ ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തെന്ന് ആരോപണം. സോഫ്റ്റ്‌വെയര്‍ കമ്പനി ജീവനക്കാരനായ കാര്‍ത്തികേയനാണ് സ്വയം ഷോക്കടിപ്പിച്ച് മരിച്ചത്. ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് കാര്‍ത്തികേയന് വിഷാദരോഗം പിടിപെട്ടുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. രണ്ടുമാസമായി മേടവാക്കത്തുള്ള ആശുപത്രിയില്‍ ഇദ്ദേഹം ചികില്‍സയിലാണ്. 15 വര്‍ഷമായി പല്ലാവരത്തെ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയിലാണ് 38 കാരനായ കാര്‍ത്തികേയന്‍ ജോലി ചെയ്തിരുന്നത്. വ്യാഴാഴ്ച വൈകിട്ട് ക്ഷേത്രത്തില്‍ നിന്ന് തിരിച്ചെത്തിയ ഭാര്യയാണ് അബോധാവസ്ഥയില്‍ വീട്ടിനുള്ളില്‍ ഇദ്ദേഹത്തെ കണ്ടെത്തുന്നത്. അപ്പോഴേക്കും മരണം സംഭവച്ചിരുന്നു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.