എയർ ഇന്ത്യയെ 18,000 കോടിക്ക് ടാറ്റ സ്വന്തമാക്കി

Friday, October 8, 2021

എയര്‍ ഇന്ത്യയെ സ്വന്തമാക്കി ടാറ്റ ഗ്രൂപ്പ് . 18,000 കോടി രൂപയ്ക്കാണ് വർഷങ്ങള്‍ക്ക് മുന്‍പ് കൈവിട്ട വിമാനസർവ്വീസിനെ തിരിച്ച് ടാറ്റയിലേക്ക് എത്തിക്കുന്നത്. കൈമാറ്റം അടുത്തവര്‍ഷത്തോടെ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അറുപത്തിയേഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിലേക്കു തിരിച്ചെത്തുന്നത്. 1932ല്‍ ടാറ്റ എയര്‍ലൈന്‍സ് എന്ന പേരിലാണ് വിമാന കമ്പനി സ്ഥാപിതമായത്. 1953ല്‍ ഇത് സര്‍ക്കാര്‍ ദേശസാത്കരിച്ചു.

എയര്‍ ഇന്ത്യയുടെ നൂറു ശതമാനം ഓഹരിയും കൈമാറാനാണ് സര്‍ക്കാര്‍ തീരുമാനം. എയര്‍ ഇന്ത്യ എക്സ്പ്രസില്‍ എയര്‍ ഇന്ത്യയ്ക്കുള്ള ഓഹരിയും എയര്‍പോര്‍ട്ട് സര്‍വീസ് കമ്പനിയായ സാറ്റ്സിന്റെ അന്‍പതു ശതമാനം ഓഹരിയും കൈമാറും.

എയര്‍ ഇന്ത്യയുടെ ഓഹരി 100 ശതമാനം വിറ്റഴിക്കാന്‍ കേന്ദ്രം കഴിഞ്ഞ മാര്‍ച്ചിലായിരുന്നു തീരുമാനിച്ചത്. എയര്‍ ഇന്ത്യക്ക് 60,000 കോടിയുടെ കടമുണ്ടെന്ന് കേന്ദ്രം അന്ന് അറിയിച്ചിരുന്നു.