നവകേരള സദസിന്‍റെ വേദിയിലേക്കുള്ള റോഡില്‍ മാത്രം തിരക്കിട്ട് ടാറിംഗ്; തടഞ്ഞ് യൂത്ത് ലീഗ്

 

കണ്ണൂർ: നവകേരള സദസിന്‍റെ വേദിയിലേക്കുള്ള റോഡ് ടാറിംഗ് തടഞ്ഞ് യൂത്ത് ലീഗ് പ്രവർത്തകർ. കണ്ണൂർ അഴീക്കോട്‌ മണ്ഡലത്തിലെ വേദിയിലേക്കുള്ള ടാറിംഗ് പ്രവൃത്തികളാണ് തടഞ്ഞത്. നവകേരള സദസിന് മാത്രമായി റോഡ് ടാർ ചെയ്യുന്നുവെന്നാണ് ആക്ഷേപം. റോഡിന്‍റെ ഒരു ഭാഗം മാത്രം ടാർ ചെയ്യുന്നുവെന്നും പ്രവർത്തകർ ആരോപിക്കുന്നു.

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന അഴീക്കോട് മണ്ഡലം തല നവകേരള സദസ് ഈ മാസം 21-ന് വളപട്ടണം മന്ന ഗ്രൗണ്ടിലാണ് നടക്കുന്നത്. ഈ വേദിക്ക് സമീപമുള്ള റോഡാണ് തിരക്കിട്ട് ടാറിംഗ് ആരംഭിച്ചത്. ഇതാണ് യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞത്. വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡ് നവകേരള സദസിനു മുന്നോടിയായി തിരക്കിട്ട് ടാറിംഗ് നടത്തിയതാണ് പ്രതിഷേധത്തിന് കാരണം. റോഡിന്‍റെ ഒരു ഭാഗം മാത്രമാണ് ടാറിംഗ് നടത്തുന്നതെന്ന് യൂത്ത് ലീഗ് പ്രവർത്തകർ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയും മന്ത്രിമാരും പൊളിഞ്ഞ റോഡിലൂടെ യാത്ര ചെയ്യട്ടെ എന്ന് റോഡ് ടാറിം​ഗ് തടഞ്ഞ് യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു. റോഡ് ടാറിംഗ് പ്രവൃത്തി തടഞ്ഞ യൂത്ത് ലീഗ് പ്രവർത്തകരെ പെോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടയിൽ പെോലീസും പ്രവർത്തകരും തമ്മിൽ കയ്യാങ്കളിയും ഉണ്ടായി. പിന്നീട് പോലീസ് സുരക്ഷയിലാണ് റോഡ് ടാറിംഗ് പ്രവൃത്തികള്‍ പുനഃരാരംഭിച്ചത്.

Comments (0)
Add Comment