കാർഷിക നിയമം പിൻവലിക്കുന്നത് വരെ കോൺഗ്രസ് സമരരംഗത്തുണ്ടാകുമെന്ന് താരീഖ് അൻവർ | VIDEO

Jaihind News Bureau
Saturday, October 10, 2020

കെപിസിസി സംഘടിപ്പിച്ച കര്‍ഷക സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക ബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി നേതാക്കള്‍ രംഗത്ത്. കേന്ദ്രത്തിന്‍റെ കര്‍ഷക ദ്രോഹ നയങ്ങള്‍ പിന്‍വലിക്കുക, കര്‍ഷകരേയും കര്‍ഷക തൊഴിലാളികളെയും രക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് സമ്മേളനം സംഘടിപ്പിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മൂന്നു ബില്ലുകളും കര്‍ഷക വിരുദ്ധവും കര്‍ഷക താല്‍പര്യങ്ങളെ ഹനിക്കുന്നതുമാണെന്നും കാര്‍ഷിക മേഖല കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി താങ്ങുവില പരിപൂര്‍ണ്ണമായും ഇല്ലാതാക്കുകയാണെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പ്രളയാനന്തരം വിവിധ യിടങ്ങളില്‍ പ്രഖ്യാപിച്ച പാക്കേജുകള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്നും കര്‍ഷക ദ്രോഹം നടത്തുന്ന ബിജെപി സര്‍ക്കാരിന്‍റെ കാര്‍ബണ്‍ പതിപ്പാണ് പിണറായി സര്‍ക്കാരെന്നും അദ്ദേഹം വ്യക്തമാക്കി.

കര്‍ഷകരെ വിശ്വാസത്തിലെടുക്കാതെയാണ് മോദി സര്‍ക്കാര്‍ ബില്‍ പാസാക്കിയതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറി താരീഖ് അന്‍വര്‍ വ്യക്തമാക്കി. രാജ്യസഭയില്‍ പ്രതിപക്ഷ കക്ഷികള്‍ വോട്ടിംഗ് ആവശ്യപ്പെട്ടിട്ടും അതനുവദിക്കാതെ ശബ്ദവോട്ടിലൂടെ ബില്‍ പാസാക്കി. ബില്‍ പിന്‍വലിക്കുന്നത് വരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമര രംഗത്തുണ്ടാവുമെന്ന് അദ്ദേഹം കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കി.

ബില്‍ നിലവില്‍ വരുമ്പോള്‍ കാര്‍ഷികോത്പന്നങ്ങളുടെ സംഭരണവും വിലയും വിതരണവും അട്ടിമറിക്കപ്പെടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ താന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കും. കര്‍ഷകന് താങ്ങുവില ഉറപ്പു വരുത്താനുള്ള നിയമനിര്‍മ്മാണം കേരളം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കര്‍ഷകര്‍ക്ക് നേരെയുള്ള കരിനിയമങ്ങളെ പല്ലും നഖവും ഉപയോഗിച്ച് കോണ്‍ഗ്രസ് എതിര്‍ക്കുമെന്നും കൃഷി ഭൂമി കോര്‍പ്പറേറ്റുകള്‍ക്ക് മോദി സര്‍ക്കാര്‍ അടിയറ വെച്ചെന്നും യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസനും അറിയിച്ചു.

https://www.facebook.com/JaihindNewsChannel/videos/1045436239621192