തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ജൂലൈ 5 വരെ നീട്ടി ; നിയന്ത്രണങ്ങളോടെ കൂടുതല്‍ ഇളവുകള്‍

Jaihind Webdesk
Saturday, June 26, 2021

ചെന്നൈ : കൊവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ വീണ്ടും നീട്ടി. ജൂലൈ 5 വരെയാണ് സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ നീട്ടിയത്. പ്രതിദിന കേസുകളില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും അപകട സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്ന വിലയിരുത്തലിലാണ് നടപടിയെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അറിയിച്ചു.

അതേസമയം ലോക്ക്ഡൗണില്‍ സംസ്ഥാനത്ത് പുതിയ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയിലും സമീപ ജില്ലകളായ തിരുവള്ളൂര്‍, ചെങ്കല്‍പെട്ട്, കാഞ്ചീപുരം എന്നിവിടങ്ങളിലും മാളുകള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി  അറിയിച്ചു. രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെയാണ് മാളുകള്‍ തുറക്കുക. എ.സി ഉപയോഗിക്കാന്‍ പാടില്ല.

ഈ ജില്ലകളില്‍ മാത്രം ആഭരണശാലകളും തുണിക്കടകളും തുറക്കാമെന്നും പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്. 50 ശതമാനം ആളുകള്‍ മാത്രമേ പാടുള്ളൂ. ബീച്ചുകളില്‍ രാവിലെ 5 മണി മുതല്‍ രാത്രി 9 വരെ ഉള്ള സമയത്ത് ആളുകള്‍ക്ക് പ്രവേശിക്കാം. ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കും അതേസമയം സിനിമാ തിയേറ്ററുകളിലും റെസ്റ്ററന്‍റുകളിലും ആളുകള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ടേക്ക് എവേകളും പാഴ്സലും തുടരും. കൊവിഡ് കേസുകളുടെ അടിസ്ഥാനത്തില്‍ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് തമിഴ്നാട്ടിലെ നിയന്ത്രണങ്ങള്‍.