തളിപ്പറമ്പില്‍ തീപിടിത്തത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് മതിയായ സാമ്പത്തിക സഹായം സര്‍ക്കാര്‍ അടിയന്തരമായി പ്രഖ്യാപിക്കണമെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ. വ്യാപാരികള്‍ക്കും കെട്ടിട ഉടമകള്‍ക്കുമായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും അടിയന്തര ധനസഹായം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തീപിടിത്തമുണ്ടായ തളിപ്പറമ്പിലെ കടകളും കെ.വി. കോംപ്ലക്‌സിലെ നാല് നില കെട്ടിടവും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ സന്ദര്‍ശിച്ചു. വ്യാപാരികളുമായും കെട്ടിട ഉടമകളുമായും കൂടിക്കാഴ്ച നടത്തി. തളിപ്പറമ്പ് നഗരസഭയിലെ കൗണ്‍സിലര്‍മാരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. തങ്ങള്‍ക്കുണ്ടായ കനത്ത നാശനഷ്ടങ്ങളെക്കുറിച്ച് വ്യാപാരികളും ഉടമകളും കെപിസിസി പ്രസിഡന്റിനോട് വിശദീകരിച്ചു.
തീപിടിത്തത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ക്ക് മതിയായ സാമ്പത്തിക സഹായം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട സണ്ണി ജോസഫ് എംഎല്‍എ, സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുണ്ടായ പാളിച്ചകള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
വ്യാപാരികള്‍ക്കും കെട്ടിട ഉടമകള്‍ക്കും സംഭവിച്ച നാശനഷ്ടങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തുമെന്ന് സണ്ണി ജോസഫ് ഉറപ്പുനല്‍കി. സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.