ഹൈബി ഈഡന്‍ എം.പിയുടെ ടാബ്‌ലറ്റ് ചലഞ്ചിന് വന്‍ പിന്തുണ : വിദ്യാർത്ഥികള്‍ക്ക് ടാബ്‌ലറ്റുകൾ വിതരണം ചെയ്തു

Jaihind News Bureau
Sunday, June 7, 2020

 

കൊച്ചി : ഹൈബി ഈഡൻ എം.പി ആവിഷ്കരിച്ച ടാബ്‌ലറ്റ് ചലഞ്ചിന്‍റെ ഭാഗമായി പറവൂരിലെ സർക്കാർ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് ടാബ്‌ലറ്റുകൾ വിതരണം ചെയ്തു. പറവൂർ നിയോജകമണ്ഡലത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനത്തിനാവശ്യമായ ഡിജിറ്റൽ സൗകര്യമൊരുക്കുമെന്ന് ചടങ്ങിൽ വി.ഡി സതീശൻ എം.എൽ.എ അറിയിച്ചു.

ഓൺലൈൻ പഠനത്തിന് സാഹചര്യമില്ലാത്ത പറവൂർ നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് സദ്ഗമയ സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി ഡിജിറ്റൽ പഠനത്തിനാവശ്യമായ സൗകര്യം ഒരുക്കുമെന്ന് വി.ഡി സതീശൻ എം.എൽ.എ പറഞ്ഞു. ഹൈബി ഈഡൻ എം.പി ആവിഷ്കരിച്ച ടാബ് ചലഞ്ചിന്‍റെ ഭാഗമായി പറവൂരിലെ സർക്കാർ ഹൈസ്കൂളിലെ 28 വിദ്യാർത്ഥികൾക്ക് ടാബ്‌ലറ്റുകൾ വിതരണം ചെയ്ത ചടങ്ങിൽ സംസാരിക്കുകയിരുന്നു അദ്ദേഹം. സമൂഹത്തിൽ നിലനിൽക്കുന്ന ഡിജിറ്റൽ വിഭജനത്തിന്‍റെ രക്തസാക്ഷിയാണ് വളാഞ്ചേരിയിൽ ആത്മഹത്യ ചെയ്ത ദേവിക. ഇനി ഒരു ദേവിക ഉണ്ടാകാനുള്ള സാഹചര്യം കേരളത്തിൽ ഉണ്ടാകരുതെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത ഹൈബി ഈഡൻ എം.പി പറഞ്ഞു.

പറവൂരിലെ പുതിയകാവ്, ഏഴിക്കര, കൈതാരം, തത്തപ്പള്ളി എന്നീ സ്കൂളുകളിലെ ഡിജിറ്റൽ പഠന സൗകര്യമില്ലാത്തതായി സർക്കാർ കണ്ടെത്തിയ 28 വിദ്യാർത്ഥികൾക്കാണ് ടാബ്‌ലറ്റുകൾ വിതരണം ചെയ്തത്. സർക്കാർ കണക്ക് പ്രകാരം ബാക്കിയുള്ള 108 വിദ്യാർത്ഥികൾക്കും സദ്ഗമയ സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി ഉടൻ തന്നെ ടാബ്‌ലറ്റുകൾ വിതരണം ചെയ്യുമെന്നും വി.ഡി സതീശൻ എം.എൽ.എ വ്യക്തമാക്കി. ചടങ്ങിൽ പെന്‍റാ മേനക വെൽഫെയർ അസോസിയേഷൻ ഭാരവാഹി യാസർ അറാഫാത്തും സന്നിഹിതനായി.