ടി20 ലോകകപ്പ്: ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കാന്‍ പാകിസ്ഥാന്‍; ഐസിസിക്കെതിരെ പ്രതിഷേധം ശക്തം

Jaihind News Bureau
Monday, January 26, 2026

ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ ഹൈ-വോള്‍ട്ടേജ് മത്സരം ബഹിഷ്‌കരിക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ആലോചിക്കുന്നു. സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിച്ച ബംഗ്ലാദേശിനെ ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവാക്കി പകരം സ്‌കോട്ട്ലന്‍ഡിനെ ഉള്‍പ്പെടുത്തിയ ഐസിസി നടപടിയില്‍ പ്രതിഷേധിച്ചാണ് ഈ നീക്കം.

ഫെബ്രുവരി 15-ന് കൊളംബോയില്‍ നടക്കേണ്ട മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ആലോചന. ടൂര്‍ണമെന്റില്‍ നിന്ന് പൂര്‍ണ്ണമായി പിന്മാറുന്നത് ഐസിസിയുടെ കടുത്ത നടപടികള്‍ക്ക് കാരണമാകുമെന്നതിനാല്‍, ഇന്ത്യക്കെതിരായ മത്സരം മാത്രം ബഹിഷ്‌കരിച്ച് തങ്ങളുടെ പ്രതിഷേധം ലോകത്തെ അറിയിക്കാനാണ് പിസിബി ലക്ഷ്യമിടുന്നത്. ഇന്ത്യ-പാക് മത്സരത്തിലൂടെ ലഭിക്കുന്ന വന്‍ വരുമാനം ബിസിസിഐയ്ക്ക് ലഭിക്കരുത് എന്ന വാദവും പിസിബി യോഗത്തില്‍ ഉയര്‍ന്നു.

ബംഗ്ലാദേശിനോടുള്ള ഐസിസിയുടെ സമീപനം പക്ഷപാതപരമാണെന്നും, ഇന്ത്യയ്ക്ക് ഇഷ്ടമുള്ള വേദി തിരഞ്ഞെടുക്കാന്‍ അനുവാദം നല്‍കുമ്പോള്‍ മറ്റ് രാജ്യങ്ങളുടെ സുരക്ഷാ ആശങ്കകള്‍ ഐസിസി തള്ളിക്കളയുകയാണെന്നും പാകിസ്ഥാന്‍ ആരോപിക്കുന്നു. ബംഗ്ലാദേശിന്റെ നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ ഇത് ധാര്‍മ്മികതയുടെ പ്രശ്‌നമാണെന്ന് പിസിബി വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ലോകകപ്പിലേക്ക് ടീമിനെ അയക്കാന്‍ പാക് സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല.