
കണ്ണൂര്‍: ബംഗാളിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തകര്‍ച്ചയും കേരളത്തിലെ സാഹചര്യങ്ങളും മുന്‍നിര്‍ത്തി സി.പി.എമ്മിനെതിരെ രൂക്ഷമായ പരിഹാസവുമായി പ്രശസ്ത സാഹിത്യകാരന്‍ ടി. പത്മനാഭന്‍. ഒരുകാലത്ത് ചെങ്കൊടി മാത്രം പാറിക്കളിച്ചിരുന്ന ബംഗാളില്‍ ഇന്ന് ഒരൊറ്റ കൊടി പോലും കാണാനില്ലാത്ത അവസ്ഥയാണെന്നും എന്തുകൊണ്ടാണ് പ്രസ്ഥാനത്തിന് ഇത്തരമൊരു വീഴ്ച സംഭവിച്ചതെന്ന് നേതാക്കള്‍ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
‘ബംഗാളില്‍ പണ്ട് ചുവപ്പ് കൊടി മാത്രമാണ് കണ്ടിരുന്നത്. എന്നാല്‍ പിന്നീട് അവിടെ പോയപ്പോള്‍ ഒരു കൊടി പോലും കാണാന്‍ കഴിഞ്ഞില്ല. എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ? ഇന്ന് കേരളത്തിലെ ഹോട്ടലുകളില്‍ മുഴുവന്‍ ജോലി ചെയ്യുന്നത് ബംഗാളികളാണ്. ഇതിനേക്കാള്‍ വലിയൊരു വീഴ്ച ഈ പ്രസ്ഥാനത്തിന് എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ?’ – പത്മനാഭന്‍ പരിഹസിച്ചു.
ജ്യോതിബസുവിന്റെയും ബുദ്ധദേവ് ഭട്ടാചാര്യയുടെയും കാലത്ത് ത്രിവര്‍ണ്ണ പതാക പോലും അന്യമായിരുന്ന ബംഗാളില്‍, ഇന്ന് ചെങ്കൊടിക്ക് സ്ഥാനമില്ലാത്ത അവസ്ഥയെ അദ്ദേഹം ചൂണ്ടിക്കാട്ടി. ‘നന്ദിഗ്രാം ഇവിടെ ആവര്‍ത്തിക്കണോ’ എന്ന ചോദ്യം ഉയര്‍ത്തിയ അദ്ദേഹം, ബംഗാളിലെ തൊഴിലാളികള്‍ തൊഴില്‍ തേടി കേരളത്തിലേക്ക് പലായനം ചെയ്യുന്നത് കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ പരാജയമാണെന്നും പരോക്ഷമായി വിമര്‍ശിച്ചു.