സത്യപ്രതിജ്ഞ ചടങ്ങിനെതിരായ ഹര്‍ജി ; ഓണ്‍ലൈന്‍ സിറ്റിങ്ങില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

Jaihind Webdesk
Wednesday, May 19, 2021

കൊച്ചി: സത്യപ്രതിജ്ഞ ചടങ്ങിനെതിരായ ഹര്‍ജി പരിഗണിക്കുന്ന സിറ്റിങ്ങില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. ഓണ്‍ലൈന്‍ സിറ്റിങ്ങില്‍ മാധ്യമങ്ങളെ അനുവദിക്കേണ്ടെന്ന് ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു. ഇന്ന് രാവിലെ കേസ് പരിഗണിച്ചപ്പോഴും മാധ്യമങ്ങളെ ഓൺലൈൻ സിറ്റിംഗിൽ അനുവദിച്ചിരുന്നില്ല. തുടർന്ന് ഉച്ചയ്ക്ക് 1.45 ന് കോടതി കേസ് വീണ്ടും പരിഗണിച്ചപ്പോഴും മാധ്യമങ്ങളെ അനുവദിച്ചില്ല.

അതേസമയം സത്യപ്രതിജ്ഞയില്‍ സർക്കാരിന്‍റെ വിശദീകരണം തേടി ഹൈക്കോടതി. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എണ്ണം കുറയ്ക്കാൻ ആകുമോ എന്നതടക്കമുള്ള കാര്യങ്ങളിൽ സർക്കാർ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

തൃശൂരിലെ ചികിത്സാ നീതി സംഘടന ജനറൽ സെക്രട്ടറി ഡോ. കെ.ജെ പ്രിൻസാണ് ഹർജി നൽകിയത്. ട്രിപ്പിള്‍ ലോക്ക്ഡൗൺ നിലനില്‍ക്കെ സർക്കാർ നടപടി കൊവിഡ് നിയമങ്ങളുടെ ലംഘനമാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ പാലിച്ചാണ് സത്യപ്രതിജ്ഞ നടക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും ചീഫ് സെക്രട്ടറിക്കും ദുരന്തനിവാരണ അതോറിറ്റിക്കും ഇത് സംബന്ധിച്ച നിർദ്ദേശം നൽകണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.