ശിവശങ്കറിന് വിദേശനിക്ഷേപം, ബിസിനസ് പദ്ധതി ; സ്പീക്കറെയും കൂടുതല്‍ കുരുക്കിലാക്കി സ്വപ്നയുടെ മൊഴി

Jaihind News Bureau
Wednesday, March 24, 2021

 

കൊച്ചി : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് വിദേശ നിക്ഷേപം ഉണ്ടെന്ന് സ്വപ്ന ഇഡിക്ക് മൊഴി നൽകി. കൂടാതെ ശിവശങ്കർ സ്വയം വിരമിച്ച് യു.എ.ഇയിൽ താമസമാക്കാൻ തീരുമാനിച്ചെന്നും യുഎഇ കോണ്‍സലുമായി ചേർന്ന് ബിസിനസ് നടത്താന്‍ പദ്ധതിയിട്ടിരുന്നതായും സ്വപ്ന ഇഡിയോട് വെളിപ്പെടുത്തി. മധ്യപൂർവദേശത്തെ ബിസിനസ് ഡെവലപ്മെന്‍റ് വിഭാഗത്തിന് നേതൃത്വം നല്‍കാന്‍ സ്പീക്കർ പി ശ്രീരാമകൃഷ്ണനും ആവശ്യപ്പെട്ടതായും സ്വപ്നയുടെ മൊഴി.

തിരുവനന്തപുരത്തെ യുഎഇ കോൺസൽ ജനറൽ ജമാൽ അൽ സാബിയുമായി ചേർന്ന് ലാഭം പങ്കുവെച്ച് വിദേശത്ത് ബിസിനസ് തുടങ്ങാൻ ശിവശങ്കറിന് പദ്ധതി ഉണ്ടായിരുന്നതായി സ്വപ്ന വ്യക്തമാക്കുന്നു. ദുബായിൽ ഫ്ലാറ്റ് വാങ്ങുന്നതിനായി ശിവശങ്കർ തൻ്റെ സഹായം ആവശ്യപ്പെട്ടെന്ന് സ്വപ്ന പറഞ്ഞതായി ഇഡി കോടതിയിൽ നൽകിയ മൊഴിയിൽ പറയുന്നു. ഫ്ലാറ്റ് വാങ്ങുന്നതിലൂടെ യു.എ.ഇ യിൽ താമസ വിസ തരപ്പെടുത്താനാനും അതുവഴി സർവീസിൽ നിന്നും സ്വയം വിരമിച്ച് യുഎഇയിൽ സ്ഥിരതാമസമാക്കുമ്പോൾ ഫ്ലാറ്റ് ഉപയോഗിക്കാനുമായിരുന്നു പദ്ധതി. കൂടാതെ സ്റ്റാർട്ടപ്പ് മിഷൻ വഴി കേരളത്തിൽ രജിസ്റ്റർ ചെയ്ത കമ്പനി നിർമ്മിക്കുന്ന വെർച്വൽ റിയാലിറ്റി ഉപകരങ്ങൾ നയതന്ത്ര ചാനൽ വഴി മധ്യപൂർവദേശത്ത് എത്തിക്കാനും വിതരണം ചെയ്യാനും പദ്ധതിയിട്ടു.

കോൺസൽ ജനറൽ ജമാൽ അൽ സാബിക്ക് മാത്രമായിരിക്കും മധ്യപൂർവദേശത്ത് ഉപകരണങ്ങളുടെ വിതരണാവകാശം.ഇതിലൂടെ വൻ ലാഭമായിരുന്നു ശിവശങ്കർ ലക്ഷ്യമിട്ടത്. അമേരിക്കൻ കമ്പനികൾ നിർമ്മിക്കുന്നതിനേക്കാൾ ചെലവ് കുറച്ച് ഉപകരണങ്ങൾ കേരളത്തിൽ നിർമ്മിക്കാൻ കഴിയും എന്നുള്ളത് കൊണ്ടാണ് ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശിവശങ്കർ തയാറായത്. കൂടാതെ മിഡിൽ ഈസ്റ്റ് കോളജ് ഉടമ ലഫീറിനെയും കോളജ് ഡീൻ കിരണിനെയും തനിക്ക് പരിചയപ്പെടുത്തിയത് ശിവശങ്കറും സ്പീക്കർ പി ശ്രീരാമകൃഷ്ണനുമാണെന്നും സ്വപ്നയുടെ മൊഴിയിൽ പറയുന്നു. ഷാർജയിലേക്ക് മാറാനും മധ്യപൂർവ പ്രദേശത്ത് ബിസിനസ് ഡെവലപ്മെൻ്റ് വിഭാഗത്തിന് നേതൃത്വം നൽകാനും സ്പീക്കറും ശിവശങ്കറും അടക്കമുള്ള നാല് പേരും തന്നോട് ആവശ്യപ്പെട്ടെന്നും 2018ൽ താൻ ഒമാൻ സന്ദർശിച്ചത് ശിവശങ്കറിൻ്റെ കൂടെയാണെന്നും സ്വപ്ന വെളിപ്പെടുത്തി.