‘സരിത്തിനെ പിടിച്ചുകൊണ്ടുപോകുമെന്ന് ഷാജ് നേരത്തേ പറഞ്ഞു, കേസ് ഒത്തുതീർപ്പാക്കാന്‍ ശ്രമിച്ചു’; ഫോണ്‍ സംഭാഷണം നാളെ പുറത്തുവിടുമെന്ന് സ്വപ്ന

Thursday, June 9, 2022

പാലക്കാട്: തന്നെ മാനസികമായി തളർത്തി കേസ് ഒത്തുതീർപ്പാക്കാൻ ഷാജ് ശ്രമിച്ചതായി സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ്. സരിത്തിനെ അടുത്തദിവസം പിടിച്ചുകൊണ്ടുപോകുമെന്നു തലേദിവസം തന്നെ ഷാജ് പറഞ്ഞു. പറഞ്ഞതു പോലെ തന്നെ സരിത്തിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. വിജിലൻസാണ് സരിത്തിനെ കൊണ്ടുപോയതെന്ന് ആദ്യം അറിയിച്ചതും ഷാജാണെന്ന് സ്വപ്ന പറഞ്ഞു.

ശിവശങ്കർ ഐഎഎസാണ് ഷാജ് കിരണിനെ തനിക്ക് പരിചയപ്പെടുത്തിയത്. കോടതിയിൽ നൽകിയ രഹസ്യമൊഴി പിൻവലിക്കണമെന്നും മുഖ്യമന്ത്രിയുടെ ശബ്ദമായ നികേഷ് കുമാറിനോട് സംസാരിക്കണമെന്നും ഷാജ് കിരൺ ആവശ്യപ്പെട്ടു. ഷാജ് കിരണുമായുള്ള ഫോണ്‍ സംഭാഷണവും മറ്റു തെളിവുകളും നാളെ പുറത്തുവിടുമെന്നും സ്വപ്നാ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.