തമ്പുരാന്‍ കോട്ടകളില്‍ വിള്ളല്‍ ഉണ്ടാകണം; എല്ലാ ജനവിഭാഗങ്ങള്‍ക്കും ഒരുപോലെ നീതി ലഭിക്കണമെന്ന് സച്ചിദാനന്ദ സ്വാമികള്‍

Jaihind Webdesk
Wednesday, December 6, 2023


ഭരണസിരാകേന്ദ്രങ്ങള്‍ തമ്പുരാന്‍ കോട്ടകളായി നില്‍ക്കുന്ന സാഹചര്യത്തില്‍ കോട്ടയ്ക്ക് വിള്ളല്‍ ഉണ്ടാകണമെന്നും എല്ലാ ജനവിഭാഗങ്ങള്‍ക്കും ഒരുപോലെ നീതി ലഭിക്കണമെന്നും ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമികള്‍ ആവശ്യപ്പെട്ടു. വൈക്കം സത്യാഗ്രഹ സമരസേനാനികളുടെ കുടുംബസമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈക്കം സത്യാഗ്രഹ സമരം കഴിഞ്ഞ് 100 വര്‍ഷം കഴിഞ്ഞ ഇപ്പോഴത്തെ സാഹചര്യത്തിലും പിന്നാക്ക വിഭാഗങ്ങളുടെ അവസ്ഥ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ചരിത്ര കോണ്‍ഗ്രസ് നടക്കുന്ന സ്ഥലത്തെ ടികെ മാധവന്‍ നഗര്‍ എന്നു നാമകരണം ചെയ്തത് ഏറ്റവും സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

സംഘപരിവാറുകളും കമ്യൂണിസ്റ്റുകാരും ചരിത്രത്തില്‍ തിരുത്തലുകള്‍ വരുത്തുകയാണെന്ന് ടി.സിദ്ദിഖ് എം.എല്‍.എ പറഞ്ഞു. നവോത്ഥാനത്തില്‍ യാതൊരു പങ്കുമില്ലാത്തവരാണ് ഇപ്പോള്‍ അതിന്‍റെ അവകാശികളാകാന്‍ ശ്രമിക്കുന്നത്. അനാചാരങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തിയവരെ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രൊഫ.അഞ്ചയില്‍ രഘു, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെ.പി ശ്രീകുമാര്‍, എം.എം നസീര്‍ എന്നിവർ പ്രസംഗിച്ചു. വൈക്കം സത്യാഗ്രഹ സമരസേനാനികളുടെ കുടുംബസമ്മേളനത്തില്‍ പങ്കെടുത്തവരെ ഉപഹാരം നല്‍കി കെപിസിസി ആദരിച്ചു. സമാപന സമ്മേളനത്തില്‍ വി.പി സജീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വി.ടി. ബല്‍റാം മുഖ്യപ്രഭാഷണം നടത്തി. എം. ലിജു, ടി.സിദ്ദിഖ്, ജി.എസ്. ബാബു, എം.എം നസീര്‍, കെ.പി ശ്രീകുമാര്‍, ജോസഫ് വാഴയ്ക്കന്‍, പി.എ സലീം, ഡോ. സരിന്‍, ആലിപ്പറ്റ ജമീല, അഡ്വ. അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.