പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്ററിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത നടപടി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. ഒഡീഷയിലെ സംബൽപുരിൽവെച്ച് പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ പരിശോധിച്ചതിനെ തുടർന്നായിരുന്നു നടപടി.
മുഹമ്മദ് മൊഹ്സിൻ എന്ന ഉദ്യോഗസ്ഥനെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ സസ്പെൻഡ് ചെയ്തത്. എസ്.പി.ജി യുടെ നിർദ്ദേശാനുസരണം പ്രവർത്തിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്. കർണാടക കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് നടപടിക്ക് വിധേയനായ മുഹമ്മദ് മൊഹ്സിൻ. സംബൽപുൽ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് നിരീക്ഷകനെന്ന നിലയിൽ സ്വീകരിച്ച നടപടിയാണ് സസ്പെൻഷന് വഴിവെച്ചത്. ഉദ്യോഗസ്ഥന്‍റെ അപ്രതീക്ഷിത പരിശോധനമൂലം പ്രധാനമന്ത്രിയുടെ യാത്ര 15 മിനിട്ട് വൈകിയെന്നായിരുന്നു പരാതി.
സസ്പെൻഷൻ നടപടിയെ എതിര്‍ത്ത് കോൺഗ്രസ് രംഗത്ത് എത്തിയിരുന്നു. തെരഞ്ഞെടുപ്പിനിടെ ഇത്തരം പരിശോധനകൾ നടത്തുന്നതിൽനിന്ന് ആരെയും ഒഴിവാക്കില്ല എന്നത് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് രംഗത്തെത്തിയത്. വിഷയം കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ജൂൺ മൂന്നിന് വീണ്ടും പരിഗണിക്കും.