ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ വ്യാജമദ്യം കഴിച്ച് 10 പേർ മരിച്ചതായി റിപ്പോർട്ട്. 40 ഓളം പേർ കള്ളക്കുറിച്ചി ഗവണ്‍മെന്‍റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കരുണാകുളത്തുനിന്നാണ് ഇവർ മദ്യം കഴിച്ചതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്.
ഇന്നലെ രാത്രിയാണ് കരുണാപുരത്തെ വ്യാജ മദ്യ വില്‍പ്പനക്കാരില്‍ നിന്ന് മദ്യം വാങ്ങിക്കുടിച്ചവരാണ് ദുരന്തത്തിനിരയായത്. വീട്ടില്‍ തിരിച്ചെത്തിയതിനു പിന്നാലെ ഇവര്‍ക്ക് തലവേദനയും ഛര്‍ദിയും വയറുവേദന ഉള്‍പ്പടെ അനുഭവപ്പെടുകയായിരുന്നു. ബുദ്ധിമുട്ട് അനുഭവപ്പെട്ടവരെ കുടുംബം ഉടന്‍ കള്ളക്കുറിച്ചി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രികളിലും എത്തിച്ചു. കള്ളക്കുറിച്ചിയിലും പുതുച്ചേരിയിലുമായി 40ഓളം പേരാണ് ചികിത്സയിലുള്ളത്.
അതേസമയം വ്യാജമദ്യ ദുരന്തമാണോ എന്നത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മരിച്ചവരിൽ ഒരാൾ മദ്യപിക്കുന്ന സ്വഭാവക്കാരനല്ലായിരുന്നെന്നും മരിച്ച മറ്റ് രണ്ടുപേർ വയറിളക്കത്തെ തുടർന്നാണ് മരിച്ചതെന്നും ജില്ലാ കളക്ടർ ശരവൺ കുമാർ ശെഖാവത് അറിയിച്ചു. മരിച്ചവരുടെയും ചികിത്സയിലുള്ളവരുടെയും പരിശോധന പൂർത്തിയായാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.