കണ്ണൂർ വിമാനത്താവളം അദാനിക്ക് കൊടുക്കാന്‍ ഗൂഢാലോചനയെന്ന് സംശയം: രമേശ് ചെന്നിത്തല

Tuesday, June 6, 2023

കണ്ണൂർ:  മട്ടന്നൂർ വിമാനത്താവളം നഷ്ടത്തിലാക്കി അദാനിക്കു കൊടുക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസൂത്രിത നീക്കമാണോ ഇതെന്ന് സംശയമുണ്ട്. എഐ ക്യാമറയിലൂടെ ജനങ്ങളെ പിഴിഞ്ഞ് സ്വന്തം കുടുംബത്തിലേക്ക് പണം ഉണ്ടാക്കിയ ആദ്യത്തെ മുഖ്യമന്ത്രി ആണ് പിണറായിയെന്നു തെളിഞ്ഞതായും രമേശ് ചെന്നിത്തല കണ്ണൂർ മട്ടന്നൂരിൽ പറഞ്ഞു. മട്ടന്നൂർ വിമാനത്താവളത്തോടുള്ള കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ അവഗണനയ്ക്കെതിരെ മട്ടന്നൂരിൽ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കണ്ണൂർ വിമാന ത്താവളത്തിന്‍റെ തുടർ വികസനത്തിന്‌ 7 വർഷമായി സിപിഎം ഒന്നും ചെയ്തില്ല. റൺവേയുടെ നീളം 3050 മീറ്റർ 4000 ആക്കണമെന്ന് പറഞ്ഞത് സിപിഎം നേതാവായ ഇ.പി ജയരാജൻ ആണ്. ഉമ്മൻ ചാണ്ടി സർക്കാർ തുടങ്ങിവെച്ചതിൽ ഒരിഞ്ച് മാറ്റം ഉണ്ടായില്ലെന്നും റോഡ് വികസനം പോലും നടന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണൂർ വിമാനത്താവളം നഷ്ടത്തിലാക്കി അദാനിക്കു കൊടുക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മോദിയുടെ ആസൂത്രിത നീക്കമാണോ ഇതിന് പിന്നിലെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

കണ്ണൂർ വിമാനത്താവളത്തിൽ സിഎജിയുടെ ഓഡിറ്റിംഗ് വേണം. നരേന്ദ്ര മോദിയുമായി ഭായ് ഭായ് ബന്ധമുള്ള പിണറായി വിജയൻ എന്തുകൊണ്ട് കണ്ണൂർ വിമാനത്താവളത്തിന്‍റെ കാര്യത്തിൽ താല്‍പര്യം കാണിക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. എ ഐ ക്യാമറയിലൂടെ ജനങ്ങളെ പിഴിഞ്ഞ് സ്വന്തം കുടുംബത്തിലേക്ക് പണം ഉണ്ടാക്കിയ ആദ്യത്തെ മുഖ്യമന്ത്രി ആണ് പിണറായി എന്നു തെളിഞ്ഞതായും രമേശ് ചെന്നിത്തല പറഞ്ഞു. ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് അധ്യക്ഷനായ ചടങ്ങിൽ
സണ്ണി ജോസഫ് എംഎൽഎ, മേയർ ടി.ഒ മോഹനൻ, പി.ടി മാത്യു, വി.എ നാരായണൻ ഉൾപ്പടെയുള്ള നേതാക്കൾ സംസാരിച്ചു.