ഏഴുവയസുകാരന്‍റെ മൂക്കിന് പകരം വയറിന് ശസ്ത്രക്രിയ നടത്തി; ആളുമാറിയെന്ന് വിശദീകരണം

Wednesday, May 22, 2019

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആളുമാറി ശസ്ത്രക്രിയ നടത്തിയതായി പരാതി. ഏഴുവയസുകാരന്‍റെ മൂക്കിന് പകരം വയറിനാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞാണ് വിവരം പുറത്ത് വന്നത്.

ശസ്ത്രക്രിയയ്ക്കു മുന്‍പ് രോഗികളുടെ കൈയിലെ ടാഗില്‍ എഴുതിയ പേര് തെറ്റായി വായിച്ചതാണ്  ആളുമാറി ഓപ്പറേഷൻ നടക്കാൻ കാരണമായതെന്നാണു നിഗമനം. ശസ്ത്രക്രിയയ്ക്കു വിധേയനായ രോഗിയുടെ സ്ഥിതി നിലവില്‍ തൃപ്തികരമാണെന്നും സംഭവത്തെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും സൂപ്രണ്ട് ഡോ. നന്ദകുമാര്‍ പറഞ്ഞു.

കരുവാരക്കുണ്ട് കേരളാ എസ്‌റ്റേറ്റ് തയ്യില്‍ മജീദ് ജഹാന്‍ ദമ്പതികളുടെ മകന്‍ ഏഴുവയസുകാരന്‍ മുഹമ്മദ് ദാനിഷിനെയാണ് ആളുമാറി ശസ്ത്രിയ നടത്തിയത്. പാലക്കാട് മണ്ണാര്‍ക്കാട് അമ്പാഴക്കോട് ഉണ്ണികൃഷ്ണന്‍ കുഞ്ഞിലക്ഷ്മി ദമ്പതികളുടെ മകന്‍ ആറ് വയസുള്ള ധനുഷിനാണ് ഹെര്‍ണിയയ്ക്ക് ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നത്. ചൊവ്വാഴ്ച രാവിലെ എട്ടിനാണ് ഇരുവരെയും ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രവേശിപ്പിച്ചത്. ഡാനിഷിന് മൂക്കിലെ ദശ മാറ്റുന്നതിനും ധനുഷിന് ഹെര്‍ണിയ നീക്കം ചെയ്യുന്നതിനുമാണ് ശസ്ത്രക്രിയ പറഞ്ഞിരുന്നത്. രണ്ടുപേരെയും ഒരേസമയത്താണ് ശസ്ത്രക്രിയക്കായി തിയേറ്ററില്‍ പ്രവേശിപ്പിച്ചത്.

10.30യോടെ ഡാനിഷിന്‍റെ ഓപ്പറേഷന്‍ കഴിഞ്ഞ് പുറത്തേക്ക് കൊണ്ടുവന്നപ്പോഴാണ് വയറില്‍ ഓപ്പറേഷന്‍ ചെയ്തായി രക്ഷിതാക്കളുടെ ശ്രദ്ധയില്‍പെട്ടത്. സംഭവം ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ വീണ്ടും തിയേറ്ററില്‍ പ്രവേശിപ്പിച്ച് മൂക്കിലെ ദശ മാറ്റുന്നതിന് ശസ്ത്രക്രിയ നടത്തി.