
തൃശൂര്‍: സംസ്ഥാന സര്‍ക്കാര്‍ തൃശൂര്‍ ജില്ലയോട് വിവേചനം കാണിക്കുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരില്‍ അനുവദിക്കേണ്ടിയിരുന്ന സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലാബിന് സ്ഥലം വിട്ടുനല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്തതിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. തൃശൂരിനോട് മാത്രം എന്താണ് ഇത്ര അവഗണനയെന്ന് മനസ്സിലാകുന്നില്ലെന്നും, ഈ വേര്‍തിരിവ് തുടര്‍ന്നാല്‍ അത് എങ്ങനെ മാറ്റണമെന്ന് തനിക്ക് നന്നായി അറിയാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
സ്ഥലം ലഭ്യമാകാത്ത സാഹചര്യത്തില്‍ സെന്‍ട്രല്‍ ഫോറന്‍സിക് ലാബ് പദ്ധതി തിരുവനന്തപുരത്തേക്ക് മാറ്റുകയാണെന്ന് സുരേഷ് ഗോപി അറിയിച്ചു. എന്നാല്‍ തൃശൂരിനെ അവഗണിക്കില്ലെന്നും പകരം ജില്ലയില്‍ 25 ഏക്കറില്‍ മറ്റൊരു വലിയ പദ്ധതി ആവിഷ്‌കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വികസനം വരണമെങ്കില്‍ കേരളത്തില്‍ ബിജെപി അധികാരത്തില്‍ വരണമെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ മാറ്റം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ഡബിള്‍ എഞ്ചിന്‍’ സര്‍ക്കാരുകളുടെ ഗുണം മറ്റ് സംസ്ഥാനങ്ങള്‍ക്ക് എങ്ങനെയുണ്ടെന്ന് ജനങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരത്ത് ബിജെപി ‘തിലകം ചാര്‍ത്തും’ എന്ന് താന്‍ പണ്ട് പറഞ്ഞത് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണെന്ന് സുരേഷ് ഗോപി ഓര്‍മ്മിപ്പിച്ചു. പാലക്കാട്ടെയോ ശബരിമലയിലെയോ വിഷയങ്ങള്‍ താന്‍ ഇപ്പോള്‍ പ്രത്യേകം പറയുന്നില്ലെന്നും അത് ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. വരുംതലമുറയ്ക്ക് വേണ്ടി കേരളത്തെ പുനര്‍നിര്‍മ്മിക്കുകയാണ് തന്റെ ലക്ഷ്യമെന്നും വികസന കാര്യത്തില്‍ വ്യക്തമായ പ്ലാന്‍ തന്റെ മനസ്സിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് കൊല്ലം, കൊച്ചി, കോഴിക്കോട് സ്റ്റേഷനുകളുടെ നവീകരണത്തെക്കുറിച്ച് പ്രധാനമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. റെയില്‍വേ സ്റ്റേഷനുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തുമെന്നും വരാനിരിക്കുന്ന അഞ്ചാം തീയതി കേന്ദ്ര റെയില്‍വേ മന്ത്രിയെ കണ്ട് തന്റെ പ്ലാനുകള്‍ അവതരിപ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.