മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസ്; മുന്‍കൂർ ജാമ്യാപേക്ഷ നല്‍കി സുരേഷ് ഗോപി

 

കൊച്ചി: മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവര്‍ത്തക നൽകിയ പരാതിയില്‍ കോഴിക്കോട് നടക്കാവ് പോലീസാണ് കേസെടുത്തത്.

സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. 354 A വകുപ്പ് ചുമത്തിയാണ് കേസ്. കേസിൽ സുരേഷ് ഗോപിയെ നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയ സാഹചര്യത്തിലാണ് ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. താമരശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് പരാതിക്കാരി രഹസ്യമൊഴി നല്‍കിയിരുന്നു.

കോഴിക്കോട് ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കിടെ സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ കൈവെച്ച് സംസാരിച്ചിരുന്നു. ഇത് മോശം ഉദ്ദേശ്യത്തോടെയാണെന്ന് കാട്ടിയാണ് മാധ്യമപ്രവർത്തക പരാതി നല്‍കിയത്. എന്നാല്‍ തന്‍റെ പെരുമാറ്റം വാത്സല്യത്തോടെയായിരുന്നുവെന്ന് സുരേഷ് ഗോപി വിശദീകരിച്ചു. പിന്നാലെ സാമൂഹ്യമാധ്യമ പോസ്റ്റിലൂടെ സുരേഷ് ഗോപി ക്ഷമ ചോദിച്ചെങ്കിലും മാധ്യമപ്രവർത്തക കേസുമായി മുന്നോട്ടുപോവുകയായിരുന്നു.

Comments (0)
Add Comment