കൊച്ചി: സുരാജ് വെഞ്ഞാറമൂടും പൃത്വിരാജും ചേര്‍ന്നഭിനയിച്ച ഡ്രൈവിങ് ലൈസന്‍സ് സിനിമയ്ക്ക് ആന്‍റി ക്ലൈമാക്‌സ്. രാത്രി അമിത വേഗത്തില്‍ ഓടിച്ച കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരുക്കേറ്റ സംഭവത്തില്‍ നടന്‍ സുരാജ് വെഞ്ഞാറമൂടിന്‍റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നടപടി തുടങ്ങി. മൂന്നാം തവണയും നോട്ടീസ് അവഗണിച്ചതിനെ തുടര്‍ന്നാണ് നടപടി.
മൂന്നാം തവണയും നോട്ടീസ് അവഗണിച്ചതോടെയാണ് നടന്‍ സുരാജ് വെഞ്ഞാറമൂടിന്‍റെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഷന്‍ നടപടിയിലേക്ക് മോട്ടോര്‍ വാഹന വകുപ്പ് കടന്നത്. രാത്രി അമിത വേഗത്തില്‍ ഓടിച്ച കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തിലാണ് നടപടി. പാലാരിവട്ടം പോലീസാണ് കേസെടുത്തത്. ശേഷം തുടര്‍ നടപടിക്കായി മോട്ടോര്‍ വാഹന വകുപ്പിനു കൈമാറുകയായിരുന്നു. ഈ അപകടത്തില്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ആര്‍.ടി. ഓഫീസില്‍നിന്ന് നോട്ടീസ് നല്‍കിയിരുന്നു.
താരത്തിന് രജിസ്ട്രേഡ് തപാലില്‍ അയച്ച നോട്ടീസ് കൈപ്പറ്റിയതിന്‍റെ രസീത് ആര്‍.ടി.ഒ.യ്ക്ക് മടക്ക തപാലില്‍ ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടാമതും മൂന്നാമതും നോട്ടീസ് അയച്ചത്. മൂന്നാം തവണയും നോട്ടീസിന് മറുപടി ലഭിക്കാതായതോടെയാണ് സസ്പെന്‍ഷന്‍ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. കഴിഞ്ഞ ജൂലായ് 29-ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു സുരാജ് ഓടിച്ച കാര്‍ ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റത്. അപകടത്തില്‍ മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിന്‍റെ വലതു കാലിലെ പെരുവിരലിന്‍റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകള്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തിരുന്നു.