കണ്ണുര്‍ മുഴപ്പിലങ്ങാട് ബിജെപി പ്രവര്‍ത്തകന്‍ സൂരജിനെ കൊലപ്പെടുത്തിയ കേസില്‍ 8 പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ. രണ്ട് മുതല്‍ ഒന്‍പത് വരെയുള്ള പ്രതികള്‍ക്കാണ് ജീവപര്യന്തം. 19 കൊല്ലം നീണ്ട വിചാരണയ്ക്കും നടപടിക്കുമൊടുവിലാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. ടി.പി കേസ് കുറ്റവാളി ടി.കെ രജീഷ്, എന്‍.വി.യോഗേഷ്, കെ.ഷംജിത്ത്, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിന്റെ സഹോദരന്‍ മനോരാജ്, സജീവന്‍, സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിമാരായ പ്രഭാകരന്‍, കെ.വി.പത്മനാഭന്‍,രാധാകൃഷ്ണന്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ലഭിച്ചത്. പ്രതികളെല്ലാം തന്നെ സിപിഎം പ്രവര്‍ത്തകരാണ്.
2005 ഓഗസ്റ്റ് ഏഴിനായിരുന്നു ബിജെപി പ്രവര്‍ത്തകനായ സൂരജ് കൊല്ലപ്പെടുന്നത്. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന വിരോധമായിരുന്നു കൊലയ്ക്ക് കാരണം. പ്രതികള്‍ നിരപരാധികളാണെന്നും അപ്പീല്‍ പോകുമെന്നുമാണ് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എത്ര ന്യായീകരിച്ചാലും പാര്‍ട്ടി നേതാക്കളുടെ പങ്ക് വ്യക്തമാക്കുന്ന വിധി തന്നെയാണ് വന്നിരിക്കുന്നത്. സൂരജ് കൊല്ലപ്പെടുന്നതിന് 6 മാസങ്ങള്‍ക്ക് മുമ്പും ആക്രമിക്കപ്പെട്ടിരുന്നു. ആറ് മാസങ്ങള്‍ നീണ്ട ചികില്‍സയ്ക്ക് ശേഷം ഇറങ്ങിയപ്പോഴാണ് സിപിഎം പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയത്. ഒന്നാം പ്രതി പി.കെ.ഷംസുദ്ദീന്‍ വിചാരണയ്ക്ക് മുന്‍പ് തന്നെ മരിച്ചിരുന്നു. പതിനൊന്നാം പ്രതി പ്രദീപിന് മൂന്ന് വര്‍ഷം തടവും കോടതി വിധിച്ചു.