ന്യൂഡൽഹി : സുപ്രീംകോടതിയുടെ വിധി മറികടക്കാൻ കേന്ദ്ര സർക്കാർ നിയമനിർമ്മാണങ്ങള്‍ നടത്തുന്നതിനെ രൂക്ഷമായി വിമർശിച്ച് ചീഫ് ജസ്‌റ്റിസ് എൻവി രമണ. സർക്കാർ കോടതിയുടെ ക്ഷമ പരീക്ഷിക്കുകയാണെന്ന് ചീഫ് ജസ്‌റ്റിസ് അഭിപ്രായപ്പെട്ടു. ട്രൈബ്യൂണൽ റിഫോംസ് ആക്‌ട് ചോദ്യം ചെയ്‌തുളള ഹർജികൾ പരിഗണിക്കവെയാണ് സുപ്രീംകോടതി കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തിയത്.
ട്രൈബ്യൂണലുകളിൽ നിയമനം നേടുന്നവരുടെ കാലാവധി, പ്രായപരിധി, ആനുകൂല്യങ്ങൾ എന്നിവയെല്ലാം നിജപ്പെടുത്തിക്കൊണ്ട് കേന്ദ്ര സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നിരുന്നു. ഇതിൽ ചില വകുപ്പുകൾ നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കണ്ടെത്തി സുപ്രീംകോടതി റദ്ദാക്കി. എന്നാൽ ഈ നിയമ വിരുദ്ധമെന്ന് കണ്ടെത്തിയ വകുപ്പുകൾ ചേർത്ത് തന്നെ ഒരു നിയമം കേന്ദ്ര സർക്കാർ കഴിഞ്ഞ പാർലമെന്‍റ് സമ്മേളനത്തിൽ കൊണ്ടുവന്നു. ഇതാണ് ട്രൈബ്യൂണൽ റിഫോംസ് ആക്‌ട്.
ഒരിക്കൽ റദ്ദാക്കിയ വകുപ്പ് ചേർത്ത് വീണ്ടും നിയമനിർമ്മാണം നടത്തുന്നത് ശരിയാണോയെന്ന് ചീഫ് ജസ്‌റ്റിസ് എൻവി രമണ കേസ് പരിഗണിക്കവെ കേന്ദ്ര സർക്കാരിനോട് ചോദിച്ചു. ട്രൈബ്യൂണലുകളെ ദുർബലപ്പെടുത്താൻ അനുവദിക്കില്ലെന്നും ഒരാഴ്‌ചയ്‌ക്കകം ട്രൈബ്യൂണലുകളിൽ നിയമനം നടത്തണമെന്നും സുപ്രീംകോടതി അന്ത്യശാസനവും നൽകി.