അയോധ്യ കേസിൽ മധ്യസ്ഥത സംബന്ധിച്ച ഉത്തരവ് പറയാനായി സുപ്രീം കോടതി മാറ്റി. മധ്യസ്ഥ ചര്‍ച്ചകളുമായി സഹകരിക്കാമെന്ന് മുസ്ലിം സംഘടനകള്‍ അറിയിച്ചപ്പോള്‍ എതിര്‍പ്പുമായി രാംലല്ലയും ഹിന്ദു മഹാസഭയും ഉള്‍പ്പെടുന്ന ഹിന്ദു സംഘടകള്‍ രംഗത്തെത്തി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കേസില്‍ മുസ്ലിം സംഘടനകള്‍ക്കായി ഹാജരായ അഡ്വക്കേറ്റ് രാജീവ് ധവാന്‍ മധ്യസ്ഥചര്‍ച്ചകള്‍ക്ക് തയാറാണെന്ന് കോടതിയെ അറിയിച്ചു. എന്നാൽ നിർമോഹി അഖാര ഒഴികെയുള്ള ഹിന്ദു സംഘടനകള്‍ ഇതിനെ എതിര്‍ത്തു. നിർദേശത്തോട് കേസിലെ കക്ഷികളായ സുന്നി വഖഫ് ബോർഡും അനുകൂലമായി പ്രതികരിച്ചിരുന്നു.
സിവിൽ നടപടി ചട്ടത്തിലെ 89-ാം വകുപ്പ് പ്രകാരം കോടതി നിരീക്ഷണത്തിൽ മധ്യസ്ഥനെ നിയമിച്ച് ഒത്തുതീർപ്പ് ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാൻ കഴിയുമോയെന്നാണ് കോടതി പരിശോധിച്ചത്. കേസ് വെറും ഒരു സ്വകാര്യ ഭൂമിതർക്ക കേസ് മാത്രമല്ലെന്ന് കോടതി നിരീക്ഷിച്ചു. വിശ്വാസവുമായി ബന്ധപ്പെട്ട കേസ് ചർച്ചകളിലൂടെ പരിഹരിക്കാൻ ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കിൽ അത് ഉപയോഗിക്കണമെന്നതാണ് കോടതിയുടെ നിലപാട്.
മധ്യസ്ഥചര്‍ച്ചകള്‍ സംബന്ധിച്ച് കക്ഷികള്‍ തമ്മില്‍ സമവായമുണ്ടായാല്‍ കോടതി അത് പരിഗണിക്കുമെന്നും അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി.