യുദ്ധം നടക്കുന്നതില്‍ സുപ്രീംകോടതിയെ പഴിക്കുന്നവരോട് സഹതാപം മാത്രം : ചീഫ് ജസ്റ്റിസ്

Thursday, March 3, 2022


ന്യൂഡൽഹി : യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിൽ ‘സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്തു ചെയ്യുകയാണെന്നു സമൂഹ മാധ്യമങ്ങളില്‍ ചോദിക്കുന്നവരോട് സഹതാപമെന്ന് ചീഫ് ജസ്റ്റിസ് എൻവി രമണ. യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണു ചീഫ് ജസ്റ്റിസിന്‍റെ പരാമർശം.

‘ഇക്കാര്യത്തിൽ കോടതിക്ക് എന്താണു ചെയ്യാനാകുക? റഷ്യൻ പ്രസിഡന്റിനോടു യുദ്ധം നിർത്തിവയ്ക്കാൻ ആവശ്യപ്പെടാൻ എനിക്കു കഴിയുമോ? ഹർജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ചോദിച്ചു. ഹർജിയിൽ പിന്നീടു വാദം കേൾക്കും.

യുക്രെയ്നിൽ റൊമാനിയൻ അതിർത്തിക്കു സമീപം കുടങ്ങിക്കിടക്കുന്ന ഇന്ത്യയിൽനിന്നുള്ള ചില മെഡിക്കൽ വിദ്യാർഥികളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾക്കു സഹായം നൽകാൻ അറ്റോർണി ജനറലിനോടു സുപ്രീം കോടതി നിർദേശിച്ചു.