പെരുമാറ്റച്ചട്ടലംഘനം: മോദിക്കും അമിത് ഷായ്ക്കുമെതിരെ നടപടി വേണമെന്ന് സുപ്രീം കോടതി

Jaihind Webdesk
Tuesday, April 30, 2019

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായ്ക്കുമെതിരേ നടപടി വേണമെന്ന് സുപ്രീം കോടതി. നടപടി ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നോട്ടീസ് നൽകി. കമ്മീഷന്‍റെ അഭിഭാഷകനോട് ഹാജരാകാനും കോടതി നിർദേശിച്ചു. മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിതാ ദേവ് എം.പിയുടെ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

തെരഞ്ഞടുപ്പ് ചട്ട ലംഘനങ്ങൾക്ക് മോദിക്കും അമിത് ഷായ്ക്കുമെതിരെ നടപടിയെടുക്കാൻ കമ്മീഷൻ വിമുഖത കാണിക്കുന്നതിനെതിരയാണ് കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചത്. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് സുസ്മിതയുടെ അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി ആവശ്യപ്പെട്ടു. തുടർന്നാണ് വ്യാഴാഴ്ച വാദം കേൾക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചത്.

നാലാഴ്ചയായി ബി.ജെ.പി. നേതാക്കൾ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുകയാണ്. കോൺഗ്രസ്  ഇതിനെതിരെ നാൽപതോളം പരാതികൾ നൽകിയിട്ടും കമ്മീഷൻ നടപടിയെടുത്തില്ലെന്നും സിംഗ്‌വി ചൂണ്ടിക്കാട്ടിയിരുന്നു. സൈനികരെ രാഷ്ട്രീയമായി ഉപയോഗിച്ച് പ്രസംഗം നടത്തിയ പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കുമെതിരെ പെരുമാറ്റച്ചട്ടലംഘനത്തിന് നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഇത് പരിഗണിച്ചാണ് കോടതി ഉത്തരവ്.