‘ജുഡീഷ്യറിയുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പകരം സിബിഐ നോക്കുകുത്തിയാകുന്നു’ : ആഞ്ഞടിച്ച് സുപ്രീംകോടതി

Jaihind Webdesk
Friday, August 6, 2021

 

Supreme-Court

ജഡ്ജിമാര്‍ക്കെതിരായ ഭീഷണി പരാതികളില്‍ അന്വേഷണ ഏജന്‍സികള്‍ വീഴ്ച വരുത്തുന്നുവെന്ന് സുപ്രിം കോടതി. പല പരാതികളിലും സി.ബി.ഐ നോക്കുകുത്തിയാവുകയാണെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു. ഝാർഖണ്ഡ് ജഡ്ജിയുടെ ദുരൂഹ മരണത്തിലെ ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. ജുഡീഷ്യറിയുടെ സുരക്ഷ ഉറപ്പാക്കാന്‍ സഹായം ലഭിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

പരാതികൾ പലത് കിട്ടിയിട്ടും സി.ബി.ഐ നോക്കുകുത്തിയാവുകയാണ്. സി.ബി.ഐയുടെ സമീപനത്തിൽ ഒരു മാറ്റവുമില്ല. എസ്.എം.എസായും വാട്സാപ് സന്ദേശങ്ങളായും ജഡ്ജിമാ൪ക്ക് ഭീഷണികൾ വരുന്നു. പ്രത്യേകിച്ച് ഉന്നതരും ഗുണ്ടാസംഘങ്ങളും ഉൾപ്പെടുന്ന കേസുകൾ പരിഗണിക്കുന്ന ജഡ്ജിമാ൪ക്ക്. ജഡ്ജിന്‍റെ ദുരൂഹ മരണം സി.ബി.ഐക്ക് കൈമാറിയ ഝാ൪ഖണ്ഡ് സ൪ക്കാരിനെയും സുപ്രിം കോടതി വിമര്‍ശിച്ചു. സ൪ക്കാ൪ കൈകഴുകുകയാണോയെന്നും കോടതി ചോദിച്ചു.

പല കോടതികളിലും ഗുണ്ടാസംഘങ്ങൾ ഇരച്ചുകയറുന്നതായുള്ള റിപ്പോ൪ട്ടുകളിൽ സത്യവാങ്മൂലം നൽകണമെന്ന നി൪ദേശം ഇതുവരെയും കേന്ദ്രം നടപ്പാക്കിയില്ല. ഉടൻ സത്യവാങ്മൂലം നൽകണമെന്ന് കേന്ദ്രത്തിന് നി൪ദേശം നല്‍കി. സി.ബി.ഐക്കോ ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥ൪ക്കോ ജഡ്ജിമാ൪ പരാതി നൽകിയാൽ തിരിഞ്ഞുനോക്കുന്നില്ല. ജുഡീഷ്യറിയുടെ സുരക്ഷയിൽ വീഴ്ച വരുത്തുന്നു. സഹായം നൽകുന്നില്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ആഗസ്ത് 17ന് ഹരജി വീണ്ടും പരിഗണിക്കും.അതിന് മുമ്പായി സത്യവാങ്മൂലം നൽകിയില്ലെങ്കിൽ പിന്നീടതിന് അവസരം ഉണ്ടാകില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി