13 സബ്‌സിഡി ഇനങ്ങളുടെ വില ഉടന്‍ കൂട്ടണം; സപ്ലൈകോയുടെ കത്ത് മുഖ്യമന്ത്രിക്ക് കൈമാറി


13 സബ്‌സിഡി ഇനങ്ങളുടെ വില ഉടന്‍ കൂട്ടണമെന്ന് സപ്ലൈകോ ആവശ്യപ്പെട്ടതോടെ സര്‍ക്കാര്‍ കടുത്ത വെട്ടിലായി. 7 വര്‍ഷമായി 13 ഇനങ്ങളുടെ വില കൂട്ടിയില്ലെന്ന് മുഖ്യമന്ത്രിയടക്കം അവകാശപ്പെടുമ്പോഴാണ് സാമ്പത്തിക പ്രതിസന്ധി പറഞ്ഞുള്ള സപ്ലൈകോയുടെ നീക്കം. സപ്‌ളൈകോക്ക് അടിയന്തിരമായി പണം അനുവദിക്കുകയോ അല്ലെങ്കില്‍ വിലകൂട്ടാന്‍ അനുവദിക്കുകയോ ചെയ്യേണ്ട ബാധ്യതയാണ് സര്‍ക്കാരിന് മേല്‍ വന്നത്. വില കുതിച്ചുകയറുമ്പോഴൊക്കെ പിടിവള്ളിയായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടിവന്നത് സപ്‌ളൈകോയിലെ 13 ഇനങ്ങളുടെ മാറാത്ത വിലയായിരുന്നു. സാധനങ്ങള്‍ സ്റ്റോറുകളില്‍ ആവശ്യത്തിനില്ലെങ്കിലും 2016 മുതല്‍ 13 ഇനത്തിന്റെ വില കൂട്ടിയില്ലെന്നായിരുന്നു അവകാശവാദം. എന്നാലിപ്പോള്‍ 13 ഇനങ്ങളുടെ അടക്കം വില കൂട്ടാതെ പിടിച്ചുനില്‍ക്കാനാകില്ലെന്നാണ് സപ്ലളൈകോ സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. വിപണി ഇടപെടലിന് പ്രതിവര്‍ഷം 300 കോടിയെങ്കിലും ചെലവിടേണ്ട സ്ഥാനത്ത് നല്‍കുന്നത് 140 കോടിമാത്രമെന്നാണ് പരാതി. 11 വര്‍ഷമായി കിട്ടാനുള്ള കുടിശ്ശിക 1525 കോടി. സബ്‌സിഡി സാാധനങ്ങളുടെ പേരില്‍ എത്തുന്നവര്‍ മറ്റുള്ളവ കൂടി വാങ്ങിയാലേ പിടിച്ചുനില്‍ക്കാനാകൂ.ആവശ്യത്തിന് സാധനങ്ങളില്ലാത്തതിനാല്‍ വിറ്റുവരവും കുറഞ്ഞ സ്ഥിതിയാണ്. സബ്‌സിഡി ഇനങ്ങള്‍ക്ക് കൂടി വിലകൂട്ടിയാല്‍ ജനത്തിന്റെ ചെറിയൊരു പ്രതീക്ഷ കൂടിയാണ് ഇല്ലാതാകുക. സപ്ലൈകോ എംഡിയുടെ കത്ത് ഭക്ഷ്യമന്ത്രി മുഖ്യമന്ത്രിക്ക് കൈമാറി. സപ്ലൈകോക്ക് സാമ്പത്തികപ്രതിസന്ധിയുണ്ടെന്ന് സമ്മതിക്കുന്ന ഭക്ഷ്യമന്ത്രി പക്ഷെ ഔദ്യോഗിക പ്രതികരണത്തിന് തയ്യാറല്ല. സബ്‌സിഡി സാധനങ്ങളുടെ വിലയില്‍ ഇടതുമുന്നണിയുടെ നയപരമായ തീരുമാനമാണ് വരേണ്ടത്.

Comments (0)
Add Comment