‘ജാള്യത മറയ്ക്കാൻ അക്രമം’; പയ്യന്നൂരിലെ സിപിഎം അഴിഞ്ഞാട്ടത്തിനെതിരെ സണ്ണി ജോസഫ്

Jaihind News Bureau
Saturday, January 24, 2026

ടി.ഐ. മധുസൂദനൻ എംഎൽഎയുടെ നേതൃത്വത്തിൽ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന രക്തസാക്ഷി ഫണ്ട് തട്ടിപ്പിനെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ സിപിഎം അക്രമത്തെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ ശക്തമായി അപലപിച്ചു. പയ്യന്നൂരിലുണ്ടായ ഈ അക്രമം ജനാധിപത്യവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

രക്തസാക്ഷി ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണങ്ങളിൽ നിന്നും പൊതുജനശ്രദ്ധ തിരിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് പയ്യന്നൂരിലെ അക്രമമെന്ന് സണ്ണി ജോസഫ് ആരോപിച്ചു. സിപിഎം മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ നടത്തിയ വെളിപ്പെടുത്തലുകൾ പാർട്ടിക്കുള്ളിലെ ജീർണ്ണതയാണ് പുറത്തുകൊണ്ടുവന്നത്. ഈ വെളിപ്പെടുത്തലുകൾ ഉണ്ടാക്കിയ ജാള്യത മറയ്ക്കാനാണ് സിപിഎം ഇപ്പോൾ അക്രമത്തിന്റെ പാത സ്വീകരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രക്തസാക്ഷികളോടും അവരുടെ കുടുംബങ്ങളോടും സിപിഎമ്മിന് നേരിയ ആത്മാർത്ഥതയെങ്കിലും ഉണ്ടെങ്കിൽ, ഫണ്ട് തട്ടിപ്പ് നടത്തിയ പ്രതികളെ സംരക്ഷിക്കാതെ നിയമത്തിന് വിട്ടുകൊടുക്കുകയാണ് വേണ്ടത്. സ്വന്തം അണികളെയും രക്തസാക്ഷി കുടുംബങ്ങളെയും വഞ്ചിക്കുന്ന നിലപാടാണ് പാർട്ടി സ്വീകരിക്കുന്നത്. കോൺഗ്രസ് പ്രവർത്തകരെ അക്രമിച്ച മുഴുവൻ സിപിഎം പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും, നീതി നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.