SUNNY JOSEPH MLA| കണ്ണൂരില്‍ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്ത സ്‌കൂള്‍ പാചകത്തൊഴിലാളിയെ സന്ദര്‍ശിച്ച് സണ്ണി ജോസഫ് എംഎല്‍എ

Jaihind News Bureau
Sunday, July 13, 2025

കണ്ണൂര്‍ പേരാവൂര്‍ മണത്തണ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്ത പാചക തൊഴിലാളി വസന്ത ചോടത്തിനെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ സന്ദര്‍ശിച്ചു. പാചകപ്പുരയില്‍ അതിക്രമിച്ചു കയറിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തക തനിക്ക് നേരെ നടത്തിയ കയ്യേറ്റവും അരി ഉള്‍പ്പെടെയുള്ള ഭക്ഷണസാധനങ്ങള്‍ തട്ടി നിലത്തിട്ടതും ആയിട്ടുള്ള സംഭവങ്ങള്‍ വസന്ത അദ്ദേഹത്തോട് വിശദീകരിച്ചു.

ഈ അതിക്രമം സമൂഹത്തിനുമുമ്പില്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ സിപിഎം നേതൃത്വം തന്റെ ജോലി കളയുമോ എന്നുള്ള ഭയവും വസന്ത പങ്കുവെച്ചു. അത്തരത്തിലുള്ള ഭയത്തിന്റെ യാതൊരു അടിസ്ഥാനവും വേണ്ടെന്നും, രാഷ്ട്രീയപരമായ പകപോക്കലിന് ഒരുതരത്തിലും അനുവദിക്കില്ല എന്നും കെപിസിസി പ്രസിഡന്റ് വസന്തക്ക് ഉറപ്പുനല്‍കി. എസ്എഫ്‌ഐയുടെ വിദ്യാഭ്യാസ ബന്ദ് ദിനത്തില്‍ മണത്തണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പാചകപ്പുരയില്‍ ഉള്‍പ്പെടെ നടന്ന അതിക്രമത്തില്‍ സണ്ണി ജോസഫ് ശക്തമായി പ്രതിഷേധിച്ചു. പ്രതികള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് തയ്യാറാകണന്നും അദ്ദേഹം ആവശ്യപ്പെട്ടു.