ശബരിമല സ്വര്‍ണ്ണം കട്ടവരെ ജനം വെറുതെ വിടില്ല; പിണറായി സര്‍ക്കാരിന് വലിയ തിരിച്ചടി വരാനിരിക്കുന്നു: സണ്ണി ജോസഫ് എംഎല്‍എ

Jaihind News Bureau
Wednesday, December 31, 2025

 

ഇടതുപക്ഷത്തിനും പിണറായി വിജയന്‍ സര്‍ക്കാരിനും ഇതിലും വലിയ തിരിച്ചടി നല്‍കാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ശബരിമല അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവരെ ജനം വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ഇരിട്ടിയില്‍ യുഡിഎഫ് ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ണൂരിലെ മലയോര മേഖലയില്‍ യുഡിഎഫ് നേടിയ വന്‍ വിജയത്തോടനുബന്ധിച്ച് പേരാവൂര്‍ നിയോജകമണ്ഡലം യുഡിഎഫ് കമ്മിറ്റിയാണ് ‘വിജയാരവം’ എന്ന പേരില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. കീഴൂരില്‍ നിന്നാരംഭിച്ച ആവേശോജ്ജ്വലമായ വിജയാരവ ഘോഷയാത്രയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിചേര്‍ന്നു. സണ്ണി ജോസഫ് എംഎല്‍എയ്‌ക്കൊപ്പം തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും യുഡിഎഫ് നേതാക്കളും റോഡ് ഷോയില്‍ പങ്കെടുത്തു.

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപി റോഡ് ഷോയില്‍ പങ്കുചേരാന്‍ എത്തിയത് പ്രവര്‍ത്തകര്‍ക്ക് ആവേശമായി. കീഴൂരില്‍ നിന്നാരംഭിച്ച റോഡ് ഷോ ഇരിട്ടി നഗരം ചുറ്റി പഴയ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗത്തിലാണ് സണ്ണി ജോസഫ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

‘ഏകപക്ഷീയമായ വാര്‍ഡ് വിഭജനം നടത്തിയിട്ടും അതിനെയൊക്കെ അതിജീവിച്ചാണ് യുഡിഎഫ് വിജയിച്ചത്. ഇത് സര്‍ക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ പ്രതിഫലനമാണ്,’ സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ വിവിധ യുഡിഎഫ് നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്തു.