പൊലീസ് സ്റ്റേഷനുകള്‍ കുരുതിക്കളമായി; കൈക്കൂലിയും കയ്യൂക്കും പൊലീസിന്റെ മുഖമുദ്ര; ഗര്‍ഭിണിയെ മര്‍ദിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് സണ്ണി ജോസഫ് എംഎല്‍എ

Jaihind News Bureau
Thursday, December 18, 2025

മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണം കേരളത്തിലെ പൊലീസ് സ്റ്റേഷനുകളെ കുരുതിക്കളമാക്കി മാറ്റിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിയായ യുവതിയെ എസ്എച്ച്ഒ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അകാരണമായി കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടി കൈക്കുഞ്ഞുമായി സ്റ്റേഷനിലെത്തിയ യുവതിയെയാണ് പൊലീസ് ക്രൂരമായി ആക്രമിച്ചത്. ഭര്‍ത്താവിനെ മര്‍ദിക്കുന്നത് ചോദ്യം ചെയ്ത യുവതിയുടെ നെഞ്ചില്‍ പിടിച്ചുതള്ളുകയും മുഖത്തടിക്കുകയും ചെയ്ത എസ്എച്ച്ഒയുടെ നടപടി സാംസ്‌കാരിക കേരളത്തിന് നാണക്കേടാണ്. വനിതാ പൊലീസുകാര്‍ നോക്കിനില്‍ക്കെയായിരുന്നു ഈ അതിക്രമം. യുവതി പൊലീസിനെ മര്‍ദിച്ചെന്ന് കള്ളക്കേസുണ്ടാക്കിയ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

സിപിഎം പ്രവര്‍ത്തകരൊഴികെ ആര്‍ക്കും നീതി ലഭിക്കാത്ത ഇടമായി പൊലീസ് സ്റ്റേഷനുകള്‍ മാറിയിരിക്കുകയാണ്. കൈക്കൂലിയും കയ്യൂക്കുമാണ് ഇന്നത്തെ പൊലീസിന്റെ മുഖമുദ്രയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘ടി.പി. കേസ് പ്രതി കൊടി സുനി ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് ജയില്‍ ഡിഐജി ലക്ഷങ്ങള്‍ കോഴ വാങ്ങിയ സംഭവം പൊലീസ് സംവിധാനം എത്രത്തോളം അഴിമതിയില്‍ മുങ്ങി എന്നതിന്റെ തെളിവാണ്. തടവുകാരുടെ പക്കല്‍ നിന്ന് ഡിഐജി നേരിട്ട് പണം പിരിക്കുന്ന നിലയിലേക്ക് ജയില്‍ സംവിധാനം പിണറായി ഭരണത്തില്‍ നിലംപൊത്തി.’ – സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് മര്‍ദന ദൃശ്യങ്ങള്‍ പുറംലോകം കണ്ടത് എന്നത് പൊലീസിന്റെ ഒത്തുകളി വ്യക്തമാക്കുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്നും കെപിസിസി പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി.