കൃത്രിമ ജലപാത സംബന്ധിച്ച ജനങ്ങളുടെ ആശങ്ക നിയമസഭയിൽ ഉന്നയിച്ച് സണ്ണി ജോസഫ് എംഎൽഎ

Jaihind Webdesk
Wednesday, July 20, 2022

തിരുവനന്തപുരം: ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ വിവിധ പരിസ്ഥിതി സംഘടനകളും പ്രദേശവാസികളുമായി ചർച്ചയ്ക്ക് തയാറാവണമെന്ന് സണ്ണി ജോസഫ് എംഎൽഎ. കൃത്രിമ ജലപാതയുടെ പരിസ്ഥിതി ആഘാത പഠനം നടന്നിട്ടില്ല, സാമൂഹ്യ ആഘാത പഠനവും നടന്നതായി അറിയില്ല. ജലപാത ജനവാസ കേന്ദ്രങ്ങൾവഴിയും കുന്നിൻ പ്രദേശം ഉൾപ്പെടെയാണ് കടന്നു പോകുന്നത്. കുന്നിൻ പ്രദേശങ്ങൾ കുഴിച്ച് താഴ്ത്തിയാണ് ജലപാത നിർമ്മിക്കാൻ പോകുന്നത് ഇത് പരിസ്ഥിതി ആഘാതത്തിന് വഴിവെക്കും. ഭൂമിയുടെ നിലവിലെഘടനയിൽ മാറ്റം വരുത്തി കൊണ്ട് കുന്നിൻ പ്രദേശങ്ങൾ താഴ്ത്തി കുഴിച്ച് താഴ്ത്തേണ്ടി വരും. കടൽ ജലനിരപ്പിൽ നിന്ന് താഴെയായിരിക്കും ജലനിരപ്പ് വരുന്നത്.അങ്ങനെ വരുമ്പോൾ ഉപ്പ് വെള്ളം കയറും. കിണർ വെള്ളം മോശമാകും. കണ്ടൽകാടുകൾ നശിക്കും. ജലപാതയ്ക്കായി നിരവധി വീടുകൾ പൊളിക്കേണ്ടി വരുമെന്നും സണ്ണി ജോസഫ് എംഎൽഎ നിയമസഭയിൽ ഉന്നയിച്ച സബ്മിഷനിൽ വ്യക്തമാക്കി.

ജലപാതക്കായി നിരവധി വീടുകൾ പൊളിക്കേണ്ടി വരും. പാനൂരിൽ മാത്രം 400 വീടുകൾ ഇതിനായി പൊളിക്കേണ്ടി വരുമെന്ന് പ്രദേശവാസികൾ പറയുന്നു. പാനൂരിൽ കൂടി നിരവധി പദ്ധതികൾ വരുന്നതിനാൽ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടും എം എൽ എ നിയമ സഭയിൽ വിവരിച്ചു.പെരിങ്ങത്തൂരിൽ നിന്ന് മാക്കുനി വഴി എരിഞ്ഞോളിയിലേക്ക് 7 കിലോമീറ്റർ ദൂരം കൊണ്ട് കനാൽ നിർമ്മിക്കാൻ കഴിയും.എന്നാൽ പെരിങ്ങത്തൂരിൽ നിന്ന് കുറ്റേരി വന്ന് യു ടേൺ എടുത്ത് ‘ പാനൂരിലേക്ക് വരുന്നത് കനാലിൻ്റെ ദൂരം 13 കിലോമീറ്റർ ആയി വർധിപ്പിക്കും. ആരുടെയോ പ്രത്യേക സൗകര്യത്തിന് വേണ്ടിയാണ് ഇങ്ങനെ ഒരു മാറ്റം വരുത്തിയത് .ചാല, കടമ്പൂർ, ചെമ്പിലോട്, മതുക്കോത്ത്, ഇല്ലിക്കുന്ന് തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിലൂടെയാണ് കൃത്രിമ ജലപാത കടന്നു പോകുന്നത്.ഇവിടെയൊക്കെ കുഴിച്ച് താഴ്ത്തേണ്ടി വരും. ഇവിടെയൊക്കെ ജനങ്ങൾ കൃത്രിമ ജലപാതയ്ക്ക് എതിരെ സമരത്തിലാണ്. സ്ത്രീകൾ ഉൾപ്പടെയുള്ളവരെ പൊലീസ് ബലപ്രയോഗം നടത്തി. എതിർത്തവരെ തടഞ്ഞ് വെച്ചാണ് സർവേ നടത്തിയത് എന്നും സണ്ണി ജോസഫ് എംഎൽഎ നിയമസഭയിൽ പറഞ്ഞു.

പരിസ്ഥിതി ആഘാത പഠനവും സാമുഹ്യ ആഘാത പഠനവും അടിയന്തരമായി നടത്തണം. കൃത്രിമ ജലപാത കണ്ടൽകാടുകളുടെ നാശത്തിന് കാരണമാകുമെന്ന വനം വകുപ്പിൻ്റെ റിപ്പോർട്ടും സണ്ണി ജോസഫ് നിയമസഭയിൽ ഉന്നയിച്ചു. സമര രംഗത്തുള്ളവരുമായി സർക്കാർ ചർച്ചയ്ക്ക് തയാറാവണം എന്നും സണ്ണി ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. ജനങ്ങളുടെ ആശങ്ക പരിഹരിച്ച് പരിസ്ഥിതി ആഘാത പഠനവും, സാമുഹ്യ ആഘാത പഠനത്തിന്‍റെ അടിസ്ഥാനത്തിലെ ഭൂമി ഏറ്റെടുക്കുന്ന ഘട്ടത്തിലേക്ക് കടക്കൂ എന്ന് മുഖ്യമന്ത്രി മറുപടി നൽകി. ഭൂമി ഏറ്റെടുക്കാൻ 650 കോടി രൂപ കിഫ് ബി ധനസഹായം ഉറപ്പാക്കി ട്ടുണ്ട്. പദ്ധതി കടന്നു പോകുന്ന പ്രദേശവാസികളുമായും വിവിധ സംഘടനകളുമായും ഇക്കാര്യത്തിൽ ഇനിയും ചർച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു. മാഹി – എരിഞ്ഞോളി 9 ദശാംശം 2 കിലോമീറ്ററും,എരിഞ്ഞോളി – ധർമ്മടം പുഴ തമ്മിൽ ബന്ധിപ്പിക്കാൻ 800 മീറ്ററും, അഞ്ചരക്കണ്ടി – വളപട്ടണം പുഴയെ തമ്മിൽ ബന്ധിപ്പിക്കാൻ 15 കിലോമീറ്ററും കൃത്രിമ കനാൽ നിർമ്മിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി മറുപടിയിൽ വ്യക്തമാക്കി.