ഗുജറാത്തിലെ പോലെ കേരളത്തിലും ഭരണം പിടിക്കുമെന്നത് മോദിയുടെ ദിവാസ്വപ്നം: സണ്ണി ജോസഫ് എംഎല്‍എ

Jaihind News Bureau
Saturday, January 24, 2026

ഗുജറാത്തിലെ പോലെ കേരളത്തിലും ഭരണം പിടിക്കുമെന്നത് മോദിയുടെയും ബിജെപിയുടെയും ദിവാസ്വപ്നം മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ഗുജറാത്തിലെ ബിജെപി ഭരണത്തിന്റെ കാരണങ്ങള്‍ സംബന്ധിച്ച് മോദിയുടെ പ്രസ്താവനയും വസ്തുതാവിരുദ്ധമാണ്. അത് കേരള ജനത അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

മോദിയുടെ കേരള സന്ദര്‍ശനം വര്‍ഗീയതയുടെ വിത്തുകള്‍ പാകാനാണ്. കോണ്‍ഗ്രസിനെയും മുസ്ലീം ലീഗിനെയും മതേരത്വം പഠിപ്പിക്കാന്‍ ബിജെപിക്ക് എന്ത് യോഗ്യതയാണുള്ളത്. വിദ്വേഷവും വിഭജന രാഷ്ട്രീയവും കൊണ്ട് അധികാരം നിലനിര്‍ത്താമെന്നത് മാത്രമാണ് ബിജെപി ചിന്ത.അത്തരം രാഷ്ട്രീയത്തിന് കേരളം പാകമല്ലെന്ന് ഇവിടെത്തെ മതേതരബോധമുള്ള ജനത വിവിധ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് മുന്നറിയിപ്പുക്കൊടുത്തതാണ്.

വോട്ട് രാഷ്ട്രീയത്തിന് വേണ്ടി നാടിന്റെ മതസൗഹാര്‍ദ്ദം തര്‍ക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും അനുവദിക്കില്ല. നാടിന്റെ സമാധാന അന്തരീക്ഷം സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും അതിലുള്ള പകയാണ് കോണ്‍ഗ്രസിനും ലീഗിനുമെതിരായ നരേന്ദ്ര മോദിയുടെ വാക്കുകളില്‍ പ്രതിഫലിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു.കേരളത്തിന് ആശ്വാസകരമായ ഒരു പ്രഖ്യാപനവും നടത്താന്‍ പ്രധാനമന്ത്രിക്കായില്ല. കേരള ജനതയെ അപമാനിച്ചതിനും വഞ്ചിച്ചതിനും നരേന്ദ്ര മോദി മാപ്പുപറയണമെന്നും സണ്ണി ജോസഫ് പറഞ്ഞു.