‘കള്ളന്മാര്‍ കപ്പലിലല്ല, കപ്പിത്താന്‍മാര്‍ തന്നെയാണ് കള്ളന്മാര്‍; സ്വര്‍ണ്ണ മോഷണത്തിന് പരാതിയില്ല, പാട്ടുണ്ടാക്കിയതിനെതിരെ പരാതി’: സണ്ണി ജോസഫ് എംഎല്‍എ

Jaihind News Bureau
Wednesday, December 17, 2025

കണ്ണൂര്‍: ശബരിമലയിലെ സ്വര്‍ണ്ണം മോഷ്ടിച്ചതിനെതിരെ പരാതിയില്ലെന്നും എന്നാല്‍ അതിനെക്കുറിച്ച് പാട്ടുണ്ടാക്കിയതിനെതിരെ പരാതി നല്‍കുന്ന വിചിത്രമായ നടപടിയാണ് കേരളത്തില്‍ കാണുന്നതെന്നും കെപിസിസി പ്രസിഡന്റ് അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ. ‘കള്ളന്മാര്‍ കപ്പലിലല്ല, കപ്പലിലെ കപ്പിത്താന്‍മാര്‍ തന്നെയാണ് കള്ളന്മാര്‍’ എന്ന് അദ്ദേഹം പരിഹസിച്ചു. പരാതിക്കാരന്റെ സംഘടന തന്നെ അദ്ദേഹത്തെ തള്ളിപ്പറഞ്ഞ സാഹചര്യത്തില്‍ സര്‍ക്കാര്‍ നടപടികള്‍ പരിഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിണറായില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനമുണ്ടായ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ സിപിഎം ശ്രമിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. കാപ്പ കേസ് പ്രതിയായ വിപിന്‍ രാജിന് ബോംബ് നിര്‍മ്മാണത്തിനിടെയാണ് പരിക്കേറ്റത്. എന്നാല്‍ ഇത് പടക്കം പൊട്ടിയതാണെന്ന് വരുത്തിത്തീര്‍ത്ത് സംഭവം തേച്ചുമായ്ക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ സ്‌ഫോടനം പടക്കം പൊട്ടിയതാണെന്ന് പ്രചരിപ്പിക്കുന്നത് വലിയ ഗൂഢാലോചനയുടെ ഭാഗമാണ്. പി. ജയരാജന്റെ മകന്റെ കൈയില്‍ നിന്ന് ബോംബ് പൊട്ടിയപ്പോഴും ഇതേ ന്യായീകരണമാണ് സിപിഎം നേതാക്കള്‍ ഉയര്‍ത്തിയത്. സ്‌ഫോടനത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം. ക്രിമിനല്‍ സംഘങ്ങളെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും നിലപാട് പ്രതിഷേധാര്‍ഹമാണ്.

ബോംബ് നിര്‍മ്മാണത്തിനിടെ മരിക്കുന്ന ക്രിമിനലുകളെപ്പോലും രക്തസാക്ഷികളാക്കുന്ന പാര്‍ട്ടിയാണ് സിപിഎം. പാര്‍ട്ടി നേതാക്കളുടെ നിര്‍ദ്ദേശത്തിനനുസരിച്ചാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. ബോംബ് നിര്‍മ്മാണത്തിലെ പരിചയക്കുറവാണ് സ്‌ഫോടനത്തിന് കാരണമെന്ന് ഇ.പി. ജയരാജന്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.